ഓണത്തിന് ഒരു ലക്ഷം തൊഴിൽ: ലക്ഷ്യപൂർത്തീകരണ പ്രഖ്യാപനം ഇന്ന്
1590458
Wednesday, September 10, 2025 4:14 AM IST
പത്തനംതിട്ട: വിജ്ഞാനകേരളവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ഓണത്തിന് ഒരു ലക്ഷം തൊഴിൽ കാന്പെയിനിൽ സംസ്ഥാനതലത്തിൽ ആദ്യമായി ലക്ഷ്യം പൂർത്തീകരിച്ച് പത്തനംതിട്ട.
ജില്ലാതല ലക്ഷ്യപൂർത്തീകരണ പ്രഖ്യാപനവും തൊഴിൽ വികസന സംഗമവും കുടുംബശ്രീ അവാർഡ് വിതരണവും ഇന്ന് അടൂർ സെന്റ് തോമസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന യോഗത്തിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും.
മന്ത്രി വീണാ ജോർജ്, ജില്ലയിലെ എംഎൽഎമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറ്റ് തദ്ദേശസ്ഥാപന അധ്യക്ഷൻമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കുടുംബശ്രീയുടെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വിവിധ സംരംഭങ്ങൾ, അയൽക്കൂട്ടങ്ങൾ, സിഡിഎസുകൾ എന്നിവയ്ക്കുള്ള അവാർഡ് വിതരണവും നടക്കും.
രാവിലെ 10.30 മുതൽ 12 .30 വരെ പ്രാദേശിക തൊഴിൽ രംഗം സാധ്യതകൾ-സുസ്ഥിര സ്ഥാപന സംവിധാനം വെല്ലുവിളികൾ എന്ന വിഷയത്തിലും ഉച്ചയ്ക്ക് 2. 30 മുതൽ 4 .30 വരെ പ്രാദേശിക തൊഴിലും തൊഴിൽ നൈപുണ്യ വികസനവും എന്ന വിഷയത്തിലും സെമിനാറുകൾ നടക്കും.
ഓണത്തിന് ഒരു ലക്ഷം തൊഴിൽ - കുടുംബശ്രീ - വിജ്ഞാനകേരളം കാന്പെയിന് 5000 തൊഴിൽ കണ്ടെത്തി തൊഴിൽ നൽകാനാണ് പത്തനംതിട്ടയുടെ ടാർജറ്റായി നൽകിയിരുന്നത്.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും വിജ്ഞാനകേരളവും ജില്ലാ ആസൂത്രണ സമിതിയും കളക്ടറേറ്റും ഒന്നിച്ച് പ്രവർത്തിച്ചതിലൂടെ 985 സ്ഥാപനങ്ങളിലായി 8049 തൊഴിലുകൾ കണ്ടെത്താനും 5286 പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞു.
സാമ്പത്തിക വർഷം കുടുംബശ്രീയും വിജഞാന കേരളവും സംയുക്തമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായി 40 തൊഴിൽ മേളകളും പ്ലേസ്മെന്റ് ഡ്രൈവുകളും സംഘടിപ്പിച്ചിരുന്നു.