അജികുമാറിന് പള്ളിക്കുള്ളിൽത്തന്നെ ആദരാഞ്ജലിയേകി കോഴഞ്ചേരി പള്ളി
1590721
Thursday, September 11, 2025 5:55 AM IST
കോഴഞ്ചേരി: കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ 23 വർഷം സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്ത അജികുമാറിന് ദേവാലയത്തിനുള്ളിൽ തന്നെ അവസാന യാത്രയയപ്പ് നൽകി. മതങ്ങള്‍ക്കപ്പുറമുള്ള മനുഷ്യസ്നേഹത്തിന്റെ നേർക്കാഴ്ചയായി കോഴഞ്ചേരി പള്ളി മാറുകയായിരുന്നു.
ഇതരമതസ്ഥനായ സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം സഭാ വിശ്വാസികളുടേതു പോലെ പള്ളിക്കുള്ളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ അത് മതങ്ങള്‍ക്കപ്പുറമുള്ള മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി.
കോഴഞ്ചേരി മാര്‍ത്തോമ്മാ പള്ളിയില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ഇ.എ. അജികുമാര്‍ (59) കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. മരിക്കുന്ന ദിവസവും രാവിലെ പള്ളിയില്‍ ജോലിക്ക് എത്തിയിരുന്നു. ക്രൈസ്തവന് അല്ലാതിരുന്നിട്ടും അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നല്കുന്നതിനു വേണ്ടി മൃതദേഹം പള്ളിയുടെ ഉള്ളില്‍ തന്നെ വയ്ക്കാന്‍ ഇടവക അംഗങ്ങളും ഭരണ സമിതിയും ഐകകണ്ഠ്യേനെ തീരുമാനിക്കുകയായിരുന്നു. ഇടവകയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണെങ്കിലും തീരുമാനം മാതൃകാപരവും ശ്ലാഘനീയവുമായി നാട്ടുകാര്‍ വിലയിരുത്തി.