മോഹനന്റെ കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചമേകും
1590459
Wednesday, September 10, 2025 4:14 AM IST
റാന്നി: കാഴ്ച നേത്രദാന സേനയിലൂടെ റാന്നി ഒഴുവൻപാറ കൈരളിയിൽ മോഹനന്റെ (72) കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചമേകും. ഇന്നലെ രാവിലെയാണ് ഹൃദയാഘാതത്തേ തുടർന്ന് മോഹനൻ മരണപ്പെട്ടത്.
മരണശേഷം കണ്ണുകൾ ദാനമായി നൽകുന്നതിന് കാഴ്ച നേത്രദാനസേനയിലൂടെ മോഹനൻ നേരത്തേ സമ്മതപത്രം നൽകിയിരുന്നു. ഇതേത്തുടർന്ന് കണ്ണുകൾ ദാനമായി നൽകുവാനുള്ള സന്നദ്ധത ബന്ധുക്കൾ കാഴ്ച നേത്രദാന സേന ജനറൽ സെക്രട്ടറി റോഷൻ റോയി മാത്യുവിനെ അറിയിക്കുകയായിരുന്നു.
ഡോ.ലാൽ കൃഷ്ണ, ഡോ.എം.ഡി. സിനി, ഒഫ്താൽമോളജിസ്റ്റുമാരായ ജയലക്ഷ്മി, പ്രീജ പ്രസാദ്, സ്റ്റാഫ് നഴ്സ് സുജ എസ്. തോമസ്, ജീവനക്കാരായ സി.എം. സുധ, കെ.കെ. ശാന്തി, ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി നടപടികൾ പൂർത്തിയാക്കിയത്. ശേഖരിച്ച നേത്രപടലം ഇന്നലെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ നേത്രബാങ്കിൽ എത്തിച്ചു.
പേരു രജിസ്റ്റർ ചെയ്ത രണ്ട് അന്ധരായ ആളുകൾക്ക് ശസ്ത്രക്രിയയിലൂടെ കാഴ്ച നൽകും.
കാഴ്ച നേത്രദാന സേനയിലുടെ ഇതോടെ 30 പേർക്ക് വെളിച്ചം പകർന്നു നൽകാനായി. സംസ്ഥാന ആരോഗ്യ വകുപ്പ്, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയും ചേർന്നാണ് കാഴ്ചയുടെ പ്രവർത്തനം. സംഘടനയിൽ അംഗങ്ങളായ 14 ആളുകൾ നേരത്തേ മരണപ്പെട്ടപ്പോൾ 28 പേർക്ക് കാഴ്ചയേകുവാൻ കഴിഞ്ഞു.
പ്രശസത ചലച്ചിത്ര സംവിധായകൻ ബ്ലസി ചെയർമാനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. സൗജന്യ നേത്ര ചികിത്സാ തിമിര ശസ്ത്രക്രിയ ക്യാമ്പുകൾ, ശബരിമല വനാന്തരങ്ങളിലെ ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നതുൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങളും കാഴ്ച ഏറ്റെടുത്തിട്ടുണ്ട്.
മരിച്ച മോഹനൻ എസ്എൻഡിപി യോഗം റാന്നി യൂണിയൻ മുൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗമായിരുന്നു. എസ്എൻഡിപി വനിത യൂണിയൻ മുൻ ചെയർപേഴ്സണും കാഴ്ച നേത്ര ദാന സേന വൈസ് ചെയർപേഴ്സണുമായ ഷേർളി മോഹനാണ് ഭാര്യ. മക്കൾ: വിമൽ, അമൽ. മരുമകൾ: ടീന.