റവന്യു ജീവനക്കാരന് സസ്പെൻഷൻ
1590719
Thursday, September 11, 2025 5:55 AM IST
അടൂർ: ട്രാഫിക് എസ്ഐക്കു വേണ്ടിയുള്ള കോഴപ്പണം ലോറി ഉടമയുടെ പക്കല്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങുകയും അതിനുള്ള കമ്മീഷന് കൈപ്പറ്റുകയും ചെയ്ത റവന്യൂ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. താലൂക്ക് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് എസ്. ആര്. വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയാണ് വിഷ്ണു. പോലീസ് വിജിലന്‍സിന്റെ ശിപാര്‍ശ പ്രകാരം റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിയാണ് സസ്പെൻഷൻ ഉത്തരവ് നൽകിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് പത്തനംതിട്ട ട്രാഫിക് യൂണിറ്റിലെ സബ് ഇന്‍സ്പെക്ടര്‍ ഡി.എസ്.സുമേഷ് ലാലിനു വേണ്ടി മണല്‍ കടത്തുന്ന ലോറി, ടിപ്പര്‍ ഉടമകളില്‍ നിന്നും പണം ഗൂഗിള്‍ പേ വഴി വിഷ്ണു വാങ്ങി എന്നാണ് കണ്ടെത്തൽ. സബ് ഇന്‍സ്പെക്ടറുടെ ബന്ധുവാണ് വിഷ്ണു. 59,000 രൂപയാണ് വാങ്ങിയത്. ഇതില്‍ നിന്നും 10,050 രൂപ കമ്മീഷനായി വാങ്ങിയ ശേഷം ബാക്കി തുക സബ് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയതായിട്ടാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.