ആൾ... ആരവം... ആറന്മുള
1590453
Wednesday, September 10, 2025 3:35 AM IST
പന്പയ്ക്കു പുളകച്ചാർത്തായി 51 പള്ളിയോടങ്ങൾ
ആറന്മുള: ആറന്മുള നെട്ടായത്തിൽ ജലമേളയിൽ അണിനിരന്നത് 51 പള്ളിയോടങ്ങൾ. പന്പാനദിയുടെ ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള കരകളിലെ പള്ളിയോടങ്ങൾ ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുത്തു. മുത്തുക്കുടയും കൊടിയും അമരച്ചാർത്തുമായി ആറന്മുള ക്ഷേത്രക്കടവിൽ എത്തിയശേഷം പള്ളിയോടങ്ങൾ ഒന്നൊന്നായി സത്രക്കടവിനു താഴെ ജലഘോഷയാത്രയ്ക്കായും അണിനിരന്നു.
51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയില് പങ്കെടുത്തത്. എ ബാച്ചിൽപെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചിൽപെട്ട 16 പള്ളിയോടങ്ങളും പങ്കെടുത്തു. തിരുവോണത്തോണിക്ക് അകന്പടിയെന്നോണം ബി ബാച്ച് പള്ളിയോടങ്ങൾ സത്രപവിലിയനിൽനിന്നു ചവിട്ടി തിരിച്ച് ജലഘോഷയാത്രയ്ക്കായി നീങ്ങി. എ ബാച്ച് പള്ളിയോടങ്ങൾ 11 ഗ്രൂപ്പുകളായും ബി ബാച്ച് പള്ളിയോടങ്ങൾ അഞ്ച് ഗ്രൂപ്പുകളായും തിരിഞ്ഞാണ് ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുത്തത്.
ഇത്തവണത്തെ ജലോത്സവം സമയക്ലിപ്തത പാലിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചു. പള്ളിയോടങ്ങൾ എല്ലാംതന്നെ കൃത്യസമയത്തിനു മുന്പായി സത്രക്കടവിൽ അണിനിരന്നിരുന്നു. ഉദ്ഘാടന യോഗം ആരംഭിച്ചതിനു പിന്നാലെ ജലഘോഷയാത്രയും ആരംഭിക്കാനായി.
15 ലക്ഷം രൂപയുടെ കേന്ദ്ര സഹായം
ആറന്മുള: ഉത്തൃട്ടാതി ജലോത്സവത്തിന് കേന്ദ്ര ടൂറിസം സഹായമായി 15 ലക്ഷം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ പറഞ്ഞു.
കുറ്റമറ്റ രീതിയിലുള്ള ക്രമീകരണമാണ് ഇക്കുറി വള്ളംകളിക്കുവേണ്ടി ചെയ്തത്. കൃത്യസമയത്തു തന്നെ ജലഘോഷയാത്ര ആരംഭിച്ചു. ഇതിനിടെ ഫൈനൽ മത്സരത്തിൽ പുറമേനിന്നുള്ള തുഴച്ചിൽകാർ പള്ളിയോടങ്ങളിൽ കയറിയെന്നാരോപിച്ച് കോയിപ്രം പള്ളിയോടം സ്റ്റാർട്ടിംഗ് പോയിന്റിൽ കുറുകെ ഇട്ടു. പോലീസ് ഇടപെടലിൽ പള്ളിയോടം സ്ഥലത്തു നിന്നു മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെ ആരംഭിച്ച ജലോത്സവം രാത്രി ഏഴോടെ പൂർത്തീകരിച്ചു.
ജലോത്സവം വീക്ഷിക്കാൻ തായ്ലാൻഡുകാരും
ആറന്മുള: ഉത്തൃട്ടാതി ജലോത്സവം വീക്ഷിക്കാൻ തായ്ലാൻഡിൽ നിന്നുള്ള സഞ്ചാരികളും ഇന്നലെ ആറന്മുളയിലെത്തി. കോയിപ്രം സ്വദേശിയും പ്രവാസിയുമായ രഘുവരന്റെ അതിഥികളായിട്ടാണ് സംഘം എത്തിയത്. വള്ളംകളിയും വള്ളസദ്യയും ആസ്വദിച്ചാണ് സംഘം മടങ്ങിയത്.
സ്ഥിരം പവലിയൻ നിർമിക്കും: മന്ത്രി
ആറന്മുള: ഉത്തൃട്ടാതി വള്ളംകളിക്കായി സത്രക്കടവിൽ സ്ഥിരം പവലിയൻ നിർമിക്കുമെന്നു മന്ത്രി വീണാ ജോർജ്. ഉത്തൃട്ടാതി വള്ളംകളിയുടെ ഭാഗമായുള്ള ജലഘോഷയാത്ര സത്രക്കടവിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ബജറ്റിൽ പവലിയൻ നിർമാണത്തിനും സംരക്ഷണത്തിനും തുക അനുവദിച്ച് ടെൻഡർ നടപടി പുരോഗമിക്കുന്നു. അടുത്ത വർഷത്തെ ജലമേളയ്ക്കു മുന്പ് നിർമാണം പൂർത്തിയാക്കും. പാമ്പയാറിന്റെ മനോഹാരിത സംരക്ഷിച്ചായിരിക്കും നിർമാണം. ആറന്മുളയുടെ ഓണമാണ് ചിങ്ങമാസത്തിലെ ഉത്തൃട്ടാതി. ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള വള്ളംകളിലൊന്നായ ആറന്മുളയിലേത് ഭക്തിയുടെയും വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും അടയാളമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിച്ചു. സിനിമാതാരം ജയസൂര്യ സുവനീർ പ്രകാശനം ചെയ്തു. വാഴൂർ തീർഥപാദാശ്രമം സ്വാമി പ്രജ്ഞാനന്ദ തീർഥ പാദർ അനുഗ്രഹ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, മുൻ എംഎൽഎമാരായ രാജു ഏബ്രഹാം, മാലേത്ത് സരളാ ദേവി, എ. പത്മകുമാർ, കെ.സി രാജഗോപാലൻ, വിവരവകാശ കമ്മീഷൻ ചെയർമാൻ വി. ഹരികുമാർ,
കേരള മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ മെംബർ കെ. രഞ്ജുനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ. ഇന്ദിരാദേവി, ബി. എസ്. അനീഷ് മോൻ, സി. കെ. അനു, സൂസൻ ഫിലിപ്പ്, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. ജയവർമ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂർ ശങ്കരൻ, ആർ. അജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആർ. ശങ്കർ സുവർണ ട്രോഫി നെല്ലിക്കൽ പള്ളിയോടത്തിന്
ആറന്മുള: ഉത്തൃട്ടാതി ജലമേളയിൽ ഇക്കുറി ആർ. ശങ്കർ മെമ്മോറിയൽ സുവർണ ട്രോഫി നേടിയത് നെല്ലിക്കൽ പള്ളിയോടമാണ്. എ ബാച്ചിൽ മികച്ച രീതിയിൽ പാടി തുഴഞ്ഞു പുരസ്കാരം നേടിയ പള്ളിയോടങ്ങൾ മാലക്കരയും തെക്കേ മുറിയുമാണ്. ബി ബാച്ചിൽ പാടി തുഴഞ്ഞതിന് കടപ്ര പള്ളിയോടം സമ്മാനം നേടി.
മികച്ച ചമയത്തിനും ആടയാഭരണത്തിനും ആറാട്ടുപുഴ പള്ളിയോടം ഒന്നാമതെത്തി. എ ബാച്ചിൽ മികച്ച ചമയം ആടയാഭരണം എന്നിവയ്ക്ക് കാട്ടൂർ, വെൺപാല ്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
സംഭരണി തുറന്ന് ജലലഭ്യത ഉറപ്പാക്കി
ആറന്മുള: ഉത്തൃട്ടാതി ജലോത്സവത്തിനായി കാരിക്കയം സംഭരണി തുറന്ന് ജലലഭ്യത ഉറപ്പാക്കി. തിങ്കളാഴ്ച ആറന്മുള നെട്ടായത്തിലെ ജലനിരപ്പ് മൂന്നു മീറ്ററിൽ താഴെയാണെന്നു കണ്ടതോടെയാണ് സംഭരണി തുറക്കാൻ തീരുമാനിച്ചത്.
ഇന്നലെ രാവിലെ സംഭരണി തുറന്ന് നെട്ടായത്തിലെ ജലനിരപ്പ് അഞ്ച് മീറ്ററിലേക്ക് ഉയർത്തി. ഇതോടെ ജലഘോഷയാത്രയിലും മത്സരവള്ളംകളിയിലും പങ്കെടുത്ത പള്ളിയോടങ്ങൾക്ക് സുഗമമായ യാത്ര സാധ്യമായി. കഴിഞ്ഞയാഴ്ച വരെ മഴയുണ്ടായിരുന്നെങ്കിലും പന്പാനദിയിലെ ജലനിരപ്പ് വളരെവേഗം താഴ്ന്നത് ആശങ്ക ഉളവാക്കിയിരുന്നു.
ഒന്നാം സ്ഥാനക്കാരായി പുത്തൻപള്ളിയോടം
എ ബാച്ചിൽനിന്ന് ഇത്തവണ മന്നം ട്രോഫി കരസ്ഥമാക്കിയ മേലുകര പള്ളിയോടമാണ്. മേലുകര കരക്കാർ പുതുതായി നിർമിച്ച് നീറ്റിലിറക്കിയ പള്ളിയോടമാണ് ജേതാക്കളായത്. പ്രവീൺ കുമാർ ക്യാപ്റ്റനായ പള്ളിയോടം 35 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്.
ആവേശമായി മാറിയ പള്ളിയോടത്തിൽ തുഴയെറിയാൻ ഇക്കുറി പരിശീലനം നേടിയവ കരക്കാരെയാണ് ഉൾക്കൊള്ളിച്ചത്. താളത്തിനൊത്ത് തുഴഞ്ഞ് അടനയന്പുകൾ നിയന്ത്രിച്ച് പ്രാഥമികപാദം മുതൽ മികച്ച പ്രകടനം മേലുകര നടത്തി.
എ ബാച്ചിൽ അയിരൂർ, മല്ലപ്പുഴശേരി, ഇടശേരിമല കിഴക്ക് പളളിയോടങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ബി ബാച്ചിൽ ഒന്നാമത്തെതിയ കോറ്റാത്തൂർ മുന്പും മന്നം ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. കോടിയാട്ടുകര, ഇടപ്പാവൂർ, തൈമറവുംകര എന്നിവയ്ക്കാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ.
എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ കുറിയന്നൂർ മുന്നിലെത്തി. ഓതറയും കീഴുകരയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി .ബി ബാച്ച് ലൂസേഴ്സ് ഫൈനലിൽ വൻമഴി പള്ളിയോടം പ്രഥമസ്ഥാനത്തെത്തി. കീക്കൊഴൂർ- വയലത്തല രണ്ടാമതും കടപ്ര മൂന്നാമതും തുഴഞ്ഞെത്തി.
ബി ബാച്ച് പള്ളിയോടങ്ങളിൽ പ്രാഥമിക പാദത്തിൽ മത്സരിച്ചവയിൽനിന്നു മികച്ച സമയം കണക്കാക്കി ഫൈനലിലേക്കും ലൂസേഴ്സ് ഫൈനലിലേക്കും തെരഞ്ഞെടുക്കുകയായിരുന്നു. എ ബാച്ചിൽ ഓരോ ഗ്രൂപ്പിലും ജേതാക്കളായവരെ ഉൾപ്പെടുത്തി അവസാന റൗണ്ട് മത്സരങ്ങൾ നടത്തി.