അറയാഞ്ഞിലിമൺ, കുരുന്പൻമൂഴി നിവാസികളുടെ ദുരിതങ്ങൾക്ക് അറുതി; പുതിയ പാലങ്ങളുടെ നിർമാണം ഇന്നു തുടങ്ങും
1590729
Thursday, September 11, 2025 5:55 AM IST
റാന്നി: അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി നിവാസികൾക്ക് ഇതു സ്വപ്നസാഫല്യത്തിന്റെ നിമിഷം. പന്പാനദിയുടെ മറുകരകളിൽ വനമേഖലയോടു ചേർന്നു കിടക്കുന്ന രണ്ടു പ്രദേശങ്ങളിലേക്കും പുതിയ ഇരുന്പു പാലങ്ങളാണ് പട്ടികവർഗ വികസന വകുപ്പ് നിർമിക്കുന്നത്.
കുരുമ്പന്‍മൂഴി പാലത്തിന് 3.97കോടി രൂപയും അരയാഞ്ഞിലിമണ്‍ പാലത്തി 2.68 കോടിയുമാണ് പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുള്ളത്.
റാന്നിയുടെ കിഴക്കൻ മേഖലയിൽ പട്ടികവർഗ വിഭാഗക്കാർ ഉൾപ്പെടെ സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർ ജീവിക്കുന്ന സ്ഥലങ്ങളാണ് ഇരു പ്രദേശങ്ങളും. രണ്ടു പ്രദേശങ്ങളുടെയും മൂന്നു വശവും ശബരിമല വനവും ഒരു ഭാഗം പമ്പാനദിയുമാണ്. പതിറ്റാണ്ടുകൾക്കു മുമ്പ് ജനകീയ പങ്കാളിത്തത്തോടെ പമ്പാ നദിക്കു കുറുകെ നിർമിച്ച ഉയരം കുറഞ്ഞ അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ് വേകളായിരുന്ന പ്രദേശങ്ങളിലേക്ക് എത്താനുള്ള ഏക മാർഗങ്ങൾ.
വെള്ളത്തിൽ മുങ്ങുന്ന കോസ്വേ
അറയാഞ്ഞിലിമണ്ണിലും കുരുമ്പൻമുഴിയിലും പതിറ്റാണ്ടുകൾക്ക് മുമ്പ് ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച ഉയരം കുറഞ്ഞ ഇടുങ്ങിയ കോസ്വേ പാലം മാത്രമാണ് ഈ പ്രദേശത്തേക്കുള്ള ഏക ഗതാഗത മാർഗം.
അറയാഞ്ഞിലിമണ്ണിൽ പഴയ തൂക്കുപാലം വെള്ളപ്പൊക്കത്തിൽ തകർന്നു പോയ ശേഷം ജില്ലാ പഞ്ചായത്ത് നിർമിച്ച നടപ്പാലം ഇക്കഴിഞ്ഞ 2018ലെ മഹാപ്രളയത്തിൽ ഒലിച്ചുപോയിരുന്നു. പ്രളയത്തിനു ശേഷം കോസ്വേ പാലങ്ങളും ദുർബലമായി. പ്രളയത്തിൽ വൻ തോതിൽ മണൽ അടിഞ്ഞതു മൂലം മഴ പെയ്താൽ കുരുമ്പൻമുഴിയിലെ കോസ്വേ പാലം വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയായിരുന്നു.
ഇഴഞ്ഞിഴഞ്ഞ്
യാത്ര വഴിമുട്ടിയതോടെ നാട്ടുകാർ പിരിവെടുത്ത് അറയാഞ്ഞിലിമണ്ണിൽ നടപ്പാല നിർമിക്കാ നൊരുങ്ങി. ഇതിനിടെ, സർക്കാർതന്നെ പാലം നിർമിക്കാൻ പദ്ധതിയിട്ടു. ഇതോടെ നാട്ടുകാർ പാലം നിർമാണം ഉപേക്ഷിച്ചു. എന്നാൽ, സർക്കാർ പദ്ധതി അനിശ്ചിതമായി നീണ്ടു.
വീണ്ടും ജനരോഷ മുയർന്നു. അനുമതി കൾ വേഗത്തിലാക്കി നിർമാണ ത്തിലേക്ക് എത്തുക യായിരുന്നു. സ്റ്റീൽ നിർമിത പാലങ്ങൾ പൂർത്തിയാകുന്നതോടെ പ്രദേശങ്ങൾക്ക് വലിയ ആശ്വാ സമാകും.
ഒറ്റപ്പെടൽ ഒഴിവാകും
രണ്ടു വര്‍ഷം മുമ്പ് പെരുന്തേനരുവി ഡാം ഭാഗത്തേക്കു വനത്തില്‍ കൂടിയുള്ള ചണ്ണ - കുരുമ്പൻ മൂഴി റോഡ് മുഖ്യമന്ത്രിയുടെ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കിയതോടെ അല്പം ചുറ്റിയാലും മറുകരയിലെത്താനാകുമെന്നത് ആശ്വാസമായി. എന്നാല്‍, സന്ധ്യ കഴിഞ്ഞാല്‍ വനത്തില്‍ കൂടിയുള്ള യാത്ര വന്യമൃഗശല്യമുള്ളതിനാല്‍ സുരക്ഷിതമായിരുന്നില്ല.
പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന് കോസ് വേ മുങ്ങുന്നതോടെ ഫയർഫോഴ്സിനും മറ്റ് രക്ഷാപ്രവർത്തകർക്കും ദിവസങ്ങളോളം ഇവിടെ തങ്ങി രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥിതിയായി. 2019ലും 2021ലും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെട്ടു. ആദിവാസി കോളനികൾ അടങ്ങുന്ന ഈ മേഖലകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പ്രമോദ് നാരായൺ എംഎൽഎ പട്ടികവർഗ ക്ഷേമമന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്റെ ശ്രദ്ധയിൽപെടുത്തിയതോടെ അദ്ദേഹം സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ പരിശോധിച്ചു. തുടർന്നാണ് പട്ടികവർഗക്ഷേമ വകുപ്പിൽനിന്നു നടപ്പാലങ്ങൾ നിർമിക്കാൻ ഫണ്ട് അനുവദിച്ചത്.
സ്റ്റീല്‍ പാലങ്ങള്‍ നിര്മിക്കുന്നതോടെപ്രശ്നത്തിനു ശാശ്വത പരിഹാരമാകും. ചെറിയ ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വീതിയിലുള്ള പാലങ്ങളാണ് നിര്‍മിക്കുന്നത്. എട്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
നിർമാണോദ്ഘാടനം
രണ്ട് വേദികളിൽ
അരയാഞ്ഞിലിമണ്‍ പാലം നിര്‍മാണോദ്ഘാടനം ഉച്ചകഴിഞ്ഞ് മൂന്നിന് അരയാഞ്ഞിലിമണ്‍ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ മന്ത്രി ഒ. ആർ. കേളു നിര്‍വഹിക്കും കുരുന്പൻമൂഴി പാലം നിർമാണോദ്ഘാടനം കുരുന്പൻമൂഴി ഉന്നതിയിൽ വൈകുന്നേരം നാലിനു ചേരുന്ന ചടങ്ങിൽ മന്ത്രി കേളു നിർവഹിക്കും. യോഗങ്ങളിൽ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും.
പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ മിഥുന് പ്രേംരാജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് മുഖ്യാതിഥിയാകും. ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എസ്. എ. നജിം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. എസ്. മോഹനന്, ഇ.വി. വര്‍ക്കി, സോണിയ മനോജ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.