ആറന്മുള വള്ളംകളിക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വാഗ്ദാനപ്പെരുമഴ
1590726
Thursday, September 11, 2025 5:55 AM IST
ആറന്മുള: ആറന്മുള ഉത്തൃട്ടാതി ജലോത്സവ ക്രമീകരണങ്ങൾക്കും പള്ളിയോടങ്ങളുടെ സംരക്ഷണത്തിനുമായി ഇത്തവണ കേന്ദ്ര, സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും കൈയയച്ച് സഹായിച്ചു. വള്ളംകളിയുടെ നടത്തിപ്പിനടക്കം പ്രഖ്യാപനങ്ങളും വന്നതോടെ പള്ളിയോട സേവാസംഘവും പ്രതീക്ഷയിലാണ്.
ആറന്മുള ജലമേളയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്ന് 10,000 രൂപ വീതം ധനസഹായം ലഭിച്ചു. പത്തനംതിട്ട ജില്ലയിലുള്ള 40 പള്ളിയോടങ്ങള്‍ക്കാണ് ഇങ്ങനെ ധനസഹായം ലഭിച്ചത്. ആലപ്പുഴ ജില്ലയിലുള്ള 12 പള്ളിയോടങ്ങള്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കുന്നതിന് നടപടികള്‍ നടന്നുവരുന്നു. കോയിപ്രം, ഇലന്തൂര്‍, പന്തളം എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ പെടുന്ന പള്ളിയോടങ്ങള്‍ക്ക് 10,000 രൂപ വീതം ധനസഹായവും ലഭിച്ചു.
പുലിയൂർ, മാവേലിക്കര, പുളിക്കീഴ്, റാന്നി ബ്ലോക്കുകളില്‍ നിന്നും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും ധനസഹായം ലഭ്യമാകുന്നതിന് ആവശ്യമായ അപേക്ഷകള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ചില ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം തന്നെ പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റ് അനുവദിച്ചു നല്‍കിയിരുന്നു.
കേരള സര്‍ക്കാരിന്റെ വിനോദസഞ്ചാര വകുപ്പില്‍ നിന്ന് 52 പള്ളിയോടങ്ങള്‍ക്കും 10,000 രൂപ വീതമാണ് നല്‍കിയത്. സാംസ്കാരിക വകുപ്പ് ഈ വര്‍ഷം അനുവദിച്ച അഞ്ച് ലക്ഷം രൂപ 50 പള്ളിയോടങ്ങള്‍ക്കായി വിതരണം ചെയ്തു. സാംസ്കാരിക വകുപ്പില്‍ നിന്നും ഈ വര്‍ഷം പത്തുലക്ഷം രൂപ അനുവദിക്കുന്നതിന് ആവശ്യമായ നിവേദനം മന്ത്രി സജി ചെറിയാന് പള്ളിയോട സേവാസംഘം നൽകിയതായി പ്രസിഡന്റ് കെ.വി. സാംബദേവൻ അറിയിച്ചു.
വിനോദസഞ്ചാര വകുപ്പില്‍നിന്ന് അഞ്ചുലക്ഷം രൂപ ലഭിച്ചത് പള്ളിയോടങ്ങള്‍ക്ക് മുന്‍കൂര്‍ ഗ്രാന്റായി നല്‍കിയിട്ടുണ്ട്. ആറന്മുള ജലമേളനാളില് ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്യുന്നതിനും മറ്റുമായി ഒരു കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി കേന്ദ്ര ടൂറിസം സഹമന്ത്രി ജലമേളനാളില് പള്ളിയോട സേവാ സംഘം പ്രസിഡന്റിനെ അറിയിക്കുകയുണ്ടായി. എന്‍എസ്എസില്‍ നിന്ന് ജലമേളയ്ക്കായി 25,000 രൂപ എല്ലാവര്‍ഷവും നല്‍കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ നിന്ന് പള്ളിയോടങ്ങള്‍ക്ക് 5,000ല്‍ പരം രൂപ വാര്‍ഷിക ധനസഹായമായി നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് എല്ലാവര്‍ഷവും വഞ്ചിപ്പാട്ട് പഠനകളരി നടത്തുന്നതിന് പണം അനുവദിച്ചിരുന്നു. ഈ വർഷം രണ്ടുലക്ഷം രൂപ ഇതിനായി അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അറിയിച്ചു.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിരം പവലിയന് നിർമിക്കുന്നതിന് മൂന്നു കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി മന്ത്രി വീണാ ജോർജ് ജലോത്സവ ഉദ്ഘാടന വേദിയിൽ പ്രഖ്യാപിച്ചു. പള്ളിയോട സേവാ സംഘം പാഞ്ചജന്യം ഓഡിറ്റോറിയം നവീകരിക്കുന്നതിനായി 30 ലക്ഷം രൂപ ആന്റോ ആന്റണി എംപി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പള്ളിയോട പുരകള്‍ നവീകരിക്കുന്നതിന് ഒരു കോടി രൂപ സംസ്ഥാന ബജറ്റിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ആറന്മുള പൈതൃക ജലമേളയുടെയും അനുബന്ധമായി നടക്കുന്ന ചടങ്ങുകളുടെയും ഭംഗിയായ നടത്തിപ്പിന് വിവിധ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനങ്ങളും സഹായങ്ങളും സേവാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെന്നും ഊർജം പകരുന്നതായി പ്രസിഡന്റ് കെ.വി. സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും അഭിപ്രായപ്പെട്ടു.