എസ്ഐ അകാരണമായി മർദിച്ചു; പരാതിയിൽ നടപടിയില്ലെന്ന്
1590462
Wednesday, September 10, 2025 4:14 AM IST
അടൂർ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്ഐ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് റിട്ട.ബാങ്ക് ഉദ്യോഗസ്ഥൻ. അടൂർ പള്ളിക്കൽ തെരെങ്ങമം തോട്ടുവ അനുപമയിൽ വി.ബാബുവാണ് പോലീസിനെതിരേ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. കേരള സാംബവർ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയംഗവും അടൂർ താലൂക്ക്ട്രഷറാറുമാണ് ബാബു.
മുൻപ് അടൂർ സ്റ്റേഷനിൽ എസ്ഐ ആയിരുന്ന അനൂപ് ചന്ദ്രനെതിരേയാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ജൂണിൽ എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. 2025 മെയ് 27നാണ് പരാതിക്കിടയാക്കിയ സംഭവം ഉണ്ടാകുന്നത്. ബാബു കേരള സാംബവർ സൊസൈറ്റിയുടെ പള്ളിക്കൽ ശാഖയിലെ ഒരു സ്ത്രീയ്ക്ക് 20,000 രൂപ പലിശയ്ക്ക് എടുത്ത് നൽകിയിരുന്നു. പിന്നീട് ഇതു തിരികെ നൽകാതെ വന്നപ്പോൾ പണം അവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് തർക്കവുമുണ്ടായി. ഇതോടെ പണം വാങ്ങിയവർ അടൂർ പോലീസിൽ പരാതി നൽകി. ഈ സാമ്പത്തിക തർക്കവുമായി സ്റ്റേഷനിൽ എത്തിയപ്പോൾ എസ്ഐ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. രോഗിയായ തന്നെ മർദിക്കരുതെന്ന് ഭാര്യ നിലവിളിച്ച് പറഞ്ഞെങ്കിലും ആരും കേട്ടില്ലെന്നും ബാബു മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ പറയുന്നു.
പരാതി നൽകിയതിനു പിന്നാലെ ജൂൺ ഏഴിന് കേരള സാംബവർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അടൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തുടർന്ന് അനൂപ് ചന്ദ്രനെ സ്ഥലം മാറ്റിയെങ്കിലും മറ്റ് നടപടികളെടുത്തില്ലെന്നും പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സമീപിച്ചതായും ബാബു പറയുന്നു.
വി.ബാബുവിന്റെ പരാതി ലഭിച്ച ഉടൻ തന്നെ സംഭവത്തിൽ അന്വേഷണം നടത്തി ആരോപണ വിധേയനായ എസ്ഐയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നതായി പോലീസ് പറയുന്നു. സിസിടിവി ദൃശൃം പരിശോധിച്ചതിൽനിന്നും ബാബുവിനോട് എസ്ഐ കയർത്ത് സംസാരിക്കുന്നതായി കാണുന്നുണ്ട്.
എന്നാൽ മർദിക്കുകയോ ജാതീയമായി അക്ഷേപിക്കുകയോ ചെയ്യുന്നത് ദൃശ്യത്തിലോ ശബ്ദരേഖയിലോ ഇല്ല. സിസിടിവി ദൃശ്യം പരാതിക്കാരനെ കാണിച്ച് ബോധ്യപ്പെടുത്തിയതാണെന്നും അടൂരിലെ പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.