അഞ്ചു വർഷം; തെരുവിൽ ഇരട്ടി നായ്ക്കൾ
1590723
Thursday, September 11, 2025 5:55 AM IST
പത്തനംതിട്ട: തെരുവുനായ്ക്കളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ വൻ വർധനയുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ. 2019ലാണ് ഏറ്റവുമൊടുവിൽ തെരുവുനായ്ക്കളുടെ കണക്ക് ജില്ലയിൽ എടുത്തത്. അന്ന് 14,000 നായ്ക്കൾ ജില്ലയിലെ തെരുവുകളിൽ അലയുന്നുണ്ടെന്നായിരുന്നു കണക്ക്. എന്നാൽ കോവിഡിനുശേഷം തെരുവുനായ്ക്കളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. വീടുകളിൽ വളർത്തിയിരുന്ന നായ്ക്കളെ അടക്കം വൻതോതിൽ തെരുവുകളിൽ പലരും ഇക്കാലയളവിൽ കൊണ്ടുവിട്ടിരുന്നു.
വൻ പെരുകൽ
നായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങളും അഞ്ചു വർഷത്തിലേറെയായി തടസപ്പെട്ടു കിടന്നതിനാൽ എണ്ണം വൻ തോതിൽ പെരുകി. 2019ലെ എണ്ണത്തിന്റെ ഇരട്ടിയോളം നിലവിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മുന്പ് പ്രധാന ജംഗ്ഷനുകളിലും കടത്തിണ്ണകളിലും മാത്രമുണ്ടായിരുന്ന നായ്ക്കൾ ഇന്നിപ്പോൾ ഗ്രാമീണ റോഡുകളിൽ പോലും കാണാനാകും.
വളർത്തു നായ്ക്കളെ തെരുവുകളിൽ ഉപേക്ഷിക്കുന്ന പ്രവണതയും കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടി. മുന്തിയ ഇനം നായ്ക്കളെ പോലും പ്രായാധിക്യവും അസുഖങ്ങളും കാരണം തെരുവുകളിലേക്ക് പലരും ഉപേക്ഷിക്കുന്നുണ്ട്. ഇത്തരം നായ്ക്കൾ ഏറെ അപകടകാരികളാണ്. തെരുവോരങ്ങളിൽ തട്ടുകടകളുടെയും മറ്റും പരിസരങ്ങളിലാണ് രാത്രി തന്പടിക്കുന്നത്. പകൽ ഇവ പ്രധാന നിരത്തുകളിൽ അലയും.
എബിസി കേന്ദ്രം ഇഴയുന്നു
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ചുമതലയിൽ പുളിക്കീഴ് കേന്ദ്രീകരിച്ച് എബിസി കേന്ദ്രം നിർമാണം തുടങ്ങിയിട്ടു വർഷങ്ങളായി. ഏറ്റവുമൊടുവിൽ ഈ മാസം കേന്ദ്രം പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. എബിസി കേന്ദ്രം ഇല്ലാത്തതിന്റെ പേരിലാണ് ജില്ലയിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിർത്തിവച്ചത്. മൂന്നു വർഷം മുന്പ് എബിസി പ്രവർത്തനം സജീവമാക്കി തെരുവുനായ്ക്കളെ പിടികൂടാൻ ആളുകൾക്കു പരിശീലനം നൽകിയിരുന്നു.
എന്നാൽ, നായ്ക്കളെ വന്ധ്യംകരണം നടത്തി പാർപ്പിക്കാൻ ഇടമില്ലാത്തതിന്റെ പേരിൽ പദ്ധതി നിലച്ചു. എല്ലാ പഞ്ചായത്തുകളിലും എബിസി കേന്ദ്രം എന്ന ആശയം മുന്നോട്ടുവച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ഏറ്റെടുത്ത് പുളിക്കീഴ് കേന്ദ്രീകരിച്ച് എബിസി കേന്ദ്രം സ്ഥാപിക്കാൻ തീരുമനിച്ചത്. പക്ഷേ, സമയത്ത് തീർന്നില്ല. ഇതോടെ എബിസി പദ്ധതി ജില്ലയിൽ പൂർണമായി നിലച്ചു. നായ്ക്കളെ പിടിക്കാൻ പരിശീലനം നൽകി നിയോഗിച്ചവർക്കും പണി ഇല്ലാതെയായി.
കുത്തിവയ്പും പാളി
തെരുവുനായ്ക്കൾക്കു വന്ധ്യംകരണം നിലച്ചതോടെ പേവിഷ പ്രതിരോധ കുത്തിവയ്പ് പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാൽ, ഇതും പൂർണമായി വിജയിച്ചില്ല. 53 ഗ്രാമപഞ്ചായത്തുകളിൽ 27 പഞ്ചായത്തുകൾ മാത്രമാണ് ഫണ്ട് നീക്കിവച്ചത്. അര ലക്ഷം മുതൽ ഒരു ലക്ഷം രൂപവരെയാണ് പ്രതിരോധ കുത്തിവയ്പിനായി ചെലവ് കണക്കാക്കുന്നത്.
തനതു ഫണ്ടിന്റെ അഭാവം കാരണമാണ് പല പഞ്ചായത്തുകളും പദ്ധതിയോടു മുഖംതിരിച്ചത്. ഇതോടെ തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള പദ്ധതി പൂർണമായി പാളി. എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫണ്ട് നീക്കിവച്ച് പദ്ധതിയുമായ സഹകരിക്കണമെന്നു ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതി ഉണ്ടെങ്കിൽ തെരുവുനായ്ക്കൾക്ക് കുത്തിവയ്പ് നൽകാനാകുമെന്ന് മൃഗസംരക്ഷണ ഓഫീസർ ഡോ.എ.എസ്. സന്തോഷ് പറഞ്ഞു.
നായ്ക്കളുടെ കൂട്ട ആക്രമണം
തെരുവുകളിൽ അലയുന്ന നായ്ക്കൾ പൊതുവേ ആക്രമണകാരികളായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് തിരക്കേറിയ നഗരങ്ങളിൽ അലയുന്ന നായ്ക്കളാണ് ആളുകളെ ആക്രമിക്കുന്നത്. കഴിഞ്ഞയിടെ അടൂർ, പന്തളം, കുളനട, പത്തനംതിട്ട പ്രദേശങ്ങളിൽ നായ്ക്കൾ ആളുകളെ കൂട്ടമായി ആക്രമിച്ചു. നായ്ക്കൾ പലപ്പോഴും കൂട്ട ആക്രമണമാണ് നടത്തുന്നത്.
കാൽനട യാത്രികർ, വിദ്യാർഥികൾ എന്നിവരാണ് നായ്ക്കളുടെ ആക്രമണത്തിനു വിധേയമായത്. ബസ് സ്റ്റാൻഡുകൾ, തെരുവോരങ്ങൾ എന്നിവിടങ്ങളിൽ തന്പടിച്ചിരിക്കുന്ന നായ്ക്കളാണ് പലപ്പോഴും ആക്രമണകാരികളായി മാറുന്നത്.