കുടുംബശ്രീ ഹാപ്പി കേരളം ഇടം കേളീരവത്തിന് തുടക്കം
1510304
Sunday, February 2, 2025 3:41 AM IST
വള്ളിക്കോട്: കുടുംബശ്രീ ഹാപ്പികേരളം ഹാപ്പിനസ് സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വള്ളിക്കോട് മോഡല്‍ സിഡിഎസില്‍ ഇടം കേളീരവം രൂപീകരണ ഉദ്ഘാടനം മന്ത്രി വീണാ
ജോര്‍ജ് നിര്‍വഹിച്ചു.
വ്യക്തികള്‍ സന്തോഷമുള്ളവരാകുക അതുവഴി കുടുംബത്തില്‍ സന്തോഷമുണ്ടാകുക അങ്ങനെ സന്തോഷസമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഹാപ്പി കേരളം ഇടം കേളീരവം.
ഓരോ വ്യക്തികളുടെയും സന്തോഷത്തിന് വിഘാതമാകുന്ന ഘടകങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനുള്ള മൈക്രോപ്ലാന്‍ തയാറാക്കുകയും മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം നടത്തുകയുമാണ് ആദ്യഘട്ടം.
ഒരു വാര്‍ഡിലെ 20 കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് ഇടം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
കുടുംബങ്ങളുടെ സന്തോഷസൂചിക കണ്ടെത്താന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും പരിശീലനവും ക്രമീകരിച്ചിട്ടുണ്ട്.
മോഡല്‍ സിഡിഎസുകളിലെ അടുത്തടുത്തുള്ള 20 വീടുകള്‍ ചേര്‍ന്നതാണ് ഇടം എന്ന് അറിയപ്പെടുക.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹന്‍ നായര്‍, കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്.ആദില, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു രേഖ, ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി.ആര്. അനുപ തുടങ്ങിയവർ പ്രസംഗിച്ചു.
ഹാപ്പികേരളം റിസോഴ്സ് പേഴ്സണ്‍മാരായ അര്‍ച്ചന കൃഷ്ണന്, വി. വിനീത, ഷൈലജ കുമാരി, ബീനാസോമന്‍, ഹാപ്പിനസ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആശ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.