സ്പോർട്സ് സ്കൂൾ പ്രവേശനം : ജില്ലാതല സെലക്ഷൻ ട്രയൽസ് ഇന്ന്
1510106
Saturday, February 1, 2025 3:31 AM IST
പത്തനംതിട്ട: സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്കൂളുകളിലേക്കും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് സ്കൂളുകളിലേക്കും സ്പോര്‍ട്സ് അക്കാഡമികളിലേക്കുമുള്ള പത്തനംതിട്ട ജില്ലാതല സെലക്ഷന് ട്രയല്‍സ് ഇന്നു നടത്തുമെന്ന് കായിക വകുപ്പ് അറിയിച്ചു. പത്തനംതിട്ട കൊടുമണ്‍ സ്റ്റേഡിയത്തിലാണ് സെലക്ഷന് ട്രയല്‍സ്.
കായിക വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍, തൃശൂര്‍ സ്പോര്‍ട്സ് ഡിവിഷന് എന്നിവിടങ്ങളിലേക്കും സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ സ്കൂളുകള്‍, സ്പോര്‍ട്സ് അക്കാഡമികളിലേക്കുമാണ് സെലക്ഷന് ട്രയല്‍സ് നടക്കുന്നത്. 6, 7, 8, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് നേരിട്ടാകും സെലക്ഷന്. 9, 10 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രിയിലൂടെയാണ് പ്രവേശനം.
അത്ലറ്റിക്സ്, ബാസ്കറ്റ് ബോള്‍, ബോക്സിംഗ്, ഹോക്കി, ജൂഡോ, വോളിബോള്‍, റെസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സെലക്ഷന് നടത്തും. ഫുട്ബോളിലും തയ്ക്കൊണ്ടോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അവസരം. ഫുട്ബോള്‍ ആണ്‍കുട്ടികളുടെ സെലക്ഷന് പിന്നീട് നടത്തുമെന്നും കായിക വകുപ്പ് അറിയിച്ചു.
ട്രയല്‍സില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അസെസ്മെന്റ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ക്യാമ്പിലെ പ്രകടനത്തിന്റെയും പരീക്ഷകളുടെയും അടിസ്ഥാനത്തിലാകും വിദ്യാര്‍ഥികള്‍ക്ക് വിവിധ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കുക.
സെലക്ഷനില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫും അവര്‍ പങ്കെടുക്കുന്ന കായിക ഇനങ്ങള്‍ക്കുള്ള വേഷങ്ങളുമായി രാവിലെ ഒന്‍പതിന് സ്റ്റേഡിയത്തില്‍ എത്തണം. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് സെലക്ഷന് നടക്കുന്ന തീയതികളില്‍ മറ്റു ജില്ലകളുടെ സ്റ്റേഡിയത്തിലും എത്താമെന്നും കായികവകുപ്പ് അറിയിച്ചു.
dsya.kerala.gov.in എന്ന് വെബ്സൈറ്റില്‍ സെലക്ഷന് ട്രയല്‍സിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.