പന്തളത്ത് ടിപ്പർ ലോറി കടയിലേക്ക് ഇടിച്ചു കയറി
1509755
Friday, January 31, 2025 3:59 AM IST
പന്തളം: പന്തളത്ത് വീണ്ടും അപകടം. നിയന്ത്രണംവിട്ട ടിപ്പർ ലോറിയാണ് ഇന്നലെ ഉച്ചയോടെ കടയിലേക്ക് ഇടിച്ചു കയറിയത്. പന്തളം - മാവേലിക്കര റോഡിൽ പബ്ലിക് മാർക്കറ്റിനു സമീപം നിയന്ത്രണംവിട്ട ലോറി കടയ്ക്കു മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ ഇടിച്ചിട്ടശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മാവേലിക്കര റോഡിൽ അൽ- അമീന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമ ഗോൾഡ് കവറിംഗ് എന്ന സ്ഥാപനത്തിലേക്കാണ് ലോറി പാഞ്ഞു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
കടയ്ക്കു മുമ്പിൽ പാർക്ക് ചെയ്തിരുന്ന കടയുടമയുടെ ഉൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളും ഇടിച്ചുതെറിപ്പിച്ചു. അപകടസമയം കടയിൽ ഉണ്ടായിരുന്നവർ ഓടിമാറിയതിനാൽ തലനാഴിരയ്ക്കാണ് പലരും രക്ഷപ്പെട്ടത്.