ആദിത്യന്റെ ഭാവനയിൽ വിരിഞ്ഞു, പ്രകൃതി സൗഹൃദ വാഹനം
1509753
Friday, January 31, 2025 3:59 AM IST
കലഞ്ഞൂർ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരൻ ആദിത്യന്റെ ഭാവനയിൽ രൂപമെടുത്ത പ്രകൃതി സൗഹൃദ നാലുചക്ര വാഹനം വൈറൽ. ഇന്നലെ രാവിലെ സ്കൂൾ അസംബ്ലിയിൽ വാഹനത്തിന്റെ പ്രദർശനം നടന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ആദിത്യൻ കൊണ്ടുനടന്ന സ്വപ്നങ്ങളാണ് ഇന്നലെ പൂവണിഞ്ഞത്. ഇനി ഇതിന്റെ പൂർണരൂപത്തിലെത്തുന്പോൾ സോളാർ സഹായത്തോടെ വാഹനം നീങ്ങിത്തുടങ്ങും.
പത്താം ക്ലാസ് ഭൗതിക ശാസ്ത്രം അധ്യായം ഏഴിലെ ഊർജ പരിപാലനവും വായു മലിനീകരണവും തുടങ്ങിയ ആശയങ്ങൾ സയൻസ് അധ്യാപകർ പഠിപ്പിച്ചപ്പോഴാണ് ആദിത്യന്റെ മനസിൽ ചില ഭാവനകൾ വിരിഞ്ഞു തുടങ്ങിയത്. അധ്യാപികമാരായ മിനിയോടും ഗീതാദേവിയോടും തന്റെ സംശയങ്ങൾ ആദ്യം ഉന്നയിച്ചു.
ഇതിനു വ്യക്തമായ ഉത്തരം ലഭിച്ചതോടെ രണ്ടിലൊന്നു തീരുമാനിച്ച മട്ടിലായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. അങ്ങനെ ഇന്ധനച്ചെലവില്ലാത്തതും പുകരഹിതവുമായ നാലുചക്ര വാഹനം പ്രകൃതി സൗഹൃദ മനസോടെ ആദിത്യൻ അവതരിപ്പിച്ചു.
കലഞ്ഞൂർ കല്ലറയത്ത് കണിയാൻ വിളയിൽ ജി. പ്രകാശ് - സരിത ദമ്പതികളുടെ മകനാണ് പി. ആദിത്യൻ എന്ന ഈ കാർ നിർമാതാവ്. ബോഡിയും കവറിംഗും ഒക്കെ നിർമിക്കാനിരിക്കുന്നതേയുള്ളൂ. പത്തനംതിട്ട വെട്ടിപ്പുറത്ത് ടുവീലർ വർക്ക് ഷോപ്പിലെ ജീവനക്കാരനാണ് പിതാവ് പ്രകാശ്.
മകന്റെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻസാമ്പത്തിക പ്രതിസന്ധി അനുവദിക്കുന്നില്ലെങ്കിലും അവന്റെ ചെറുമനസിലെ ആശയങ്ങളും സാങ്കേതിക താത്പര്യങ്ങളും മെക്കാനിക്കായ അച്ഛന് മാനിക്കാതിരിക്കാനായില്ല. അങ്ങനെയാണ് ഈ കാണുന്ന പരിസ്ഥിതി സൗഹൃദ വാഹനത്തിന്റെ ആദ്യരൂപമായിരിക്കുന്നത്. ഇതിനകം പതിനായിരത്തോളം രൂപ ചെലവായിക്കഴിഞ്ഞു.
ആക്ടീവയുടെ എൻജിൻ സോളാർ പവർ ഇല്ലാത്തപ്പോൾ വാഹനം ഓടിക്കാൻ ഘടിച്ചിട്ടുണ്ട്. 12 വാട്ട്സിന്റെ പോയിന്റ് അഞ്ച് ഒന്പത് ആമ്പിയറുള്ള രണ്ട് സോളാർ പാനലുകളാണ് സൗരോർജ ശേഖരണത്തിനായി വയ്ക്കുന്നത്. ഒപ്പം ഡിസി - എസി സംവിധാനത്തിനുള്ള ഇൻവെർട്ടറും സെറ്റ് ചെയ്യും.
ചെറുപ്രായത്തിലെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കളിക്കോപ്പുകൾ നിർമിക്കുന്നതിൽ തത്പരനായിരുന്നു ആദിത്യനെന്ന് അധ്യാപകനായ പി. സജീവ് പറഞ്ഞു. എസ്പിസി കേഡറ്റുകൂടിയാണ് ആദിത്യൻ.