റാന്നി പാലം നിർമാണം : അപ്രോച്ച് റോഡിനുള്ള പണം കൈമാറിത്തുടങ്ങി
1510288
Sunday, February 2, 2025 3:29 AM IST
റാന്നി: പന്പാനദിക്കു കുറുകെ പുതിയ പാലം അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കേണ്ട വസ്തു ഉടമകൾക്ക് പണം കൈമാറിത്തുടങ്ങി. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയ മൂന്ന് സ്ഥലം ഉൾമകൾക്കാണ് നഷ്ടപരിഹാരത്തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറാനുള്ള രേഖകൾ കൈമാറിയത്.
റാന്നി വലിയ പാലത്തിന്റെ അപ്രോച്ച് റോഡിനായി റാന്നി, അങ്ങാടി പഞ്ചായത്തുകളിലായി 155 വസ്തു ഉടമകളിൽനിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. റാന്നി പഞ്ചായത്തുകളിലൂടെയുള്ള രാമപുരം - ബ്ലോക്ക് പടി റോഡ് 10 മീറ്റർ വീതിയിൽ വികസിപ്പിച്ചാണ് പാലത്തിന്റെ അപ്രോച്ച് റോഡിനായി ഉപയോഗിക്കുന്നത്.
അങ്ങാടി കരയിൽ അങ്ങാടി പേട്ട ജംഗ്ഷനിൽനിന്ന് പമ്പാനദിയിലെ ഉപാസന കടവിലേക്കുള്ള റോഡിന്റെ ഇരുവശത്തുള്ള സ്ഥലം ഏറ്റെടുത്ത് 10 മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് നിർമിക്കും. 14.5 കോടി രൂപയാണ് പാലം അപ്രോച്ച് റോഡ് വികസനത്തിനായി വസ്തു ഏറ്റെടുക്കുമ്പോൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനായി വിനിയോഗിക്കുന്നത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പമ്പാനദിയിൽ പെരുമ്പുഴ, ഉപാസനക്കടവ് തീരങ്ങളെ ബന്ധിപ്പിച്ച് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കാനായി അനുമതി ലഭിച്ചത്. ഇതിനായി 26 കോടി രൂപയായിരുന്നു അന്ന് അനുവദിച്ചത്. പാലം നിർമാണം ആരംഭിച്ചെങ്കിലും അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാൻ നടപടികൾ വൈകിയതോടെ നിർമാണം അനിശ്ചിതമായി നീണ്ടു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർഥനയേത്തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണം മുടങ്ങിക്കിടക്കുന്ന പാലം സന്ദർശിക്കുകയും പാലത്തിന്റെ നിർമാണം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിലേക്ക് കിഫ്ബിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
പത്തനംതിട്ട ലാൻഡ് റവന്യു വിഭാഗമായിരുന്നു സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി മുമ്പോട്ട് പോയത്. വസ്തു ഉടമകൾക്ക് മാർക്കറ്റ് വില ലഭ്യമാക്കുന്നതിനുവേണ്ടി നേരിടേണ്ടിവന്ന ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഏറ്റെടുക്കൽ നടപടികൾ ഇത്രയും വൈകിയത്. ഇതോടെ പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നതിനു വേണ്ടിവരുന്ന തുകയിൽ ഗണ്യമായ വർധന ഉണ്ടായി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സിവിൽ പ്രവൃത്തികൾക്ക് 22 കോടി രൂപയാണ് പുതുതായി അനുവദിച്ചിരിക്കുന്നത്.
ജലവിഭവ വകുപ്പിന്റെയും വൈദ്യുത വകുപ്പിന്റെയും കണക്ഷനുകൾ മാറ്റി സ്ഥാപിക്കുന്ന ഇനത്തിൽ ഉൾപ്പെടെ 45.19 കോടി രൂപയാണ് പദ്ധതിക്കായി ആകെ ചെലവഴിക്കുന്നത്. വസ്തു ഉടമകളുടെ നഷ്ടപരിഹാരം പൂർണമായും നൽകുന്നതോടെ സർക്കാരിലേക്ക് വസ്തു ഏറ്റെടുക്കാനാകും. മാർച്ച് ആദ്യവാരത്തോടെ പാലം നിർമാണം ടെൻഡർ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
വസ്തു ഉടമകളായ റാന്നി ചന്ദ്രാലയത്തിൽ രാജലക്ഷ്മി, തോട്ടമൺ മുഴച്ചിക്കാലയിൽ തെക്കേ മുറിയിൽ കുര്യാക്കോസ്, അങ്ങാടി ശാസ്താംകോയിക്കൽ രാധ എന്നിവർക്കാണ് നഷ്ടപരിഹാരത്തുക ബാങ്കിലേക്ക് അവാർഡ് ചെയ്തുകൊണ്ടുള്ള രേഖ കൈമാറിയത്.