അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ പടയണി
1510300
Sunday, February 2, 2025 3:41 AM IST
അയിരൂർ: പുതിയകാവ് ദേവീക്ഷേത്രത്തിൽ 28 ദിവസ പടയണിക്ക് നാളെ രാത്രി 9.30 ന് ചൂട്ടുവയ്ക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽപറഞ്ഞു.
120 വർഷങ്ങൾക്കു മുൻപ് മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ പടയണി തട്ടകമായിരുന്നു അയിരൂർ പുതിയകാവ്. നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷമാണ് ഇക്കൊല്ലത്തെ ഉത്സവത്തോടനുബന്ധിച്ച് പടയണി ചടങ്ങുകൾ പുനരാരംഭിക്കുന്നത്.
ഒന്നാം ദിവസം മുതൽ 20 -ാം ദിവസം വരെ ചൂട്ടുവയ്പും ചൂട്ടുവലത്തും പിന്നീട് ഓരോ ദിവസങ്ങളിലായി യഥാക്രമം, മദ്ദളവും കൈമണിയും, ഗണപതികോലം, പഞ്ചകോലം, അരക്കുതിര, ചെറിയപടയണി, ഇടപടയണി, വലിയപടയണി എന്നിങ്ങനെയാണ് 28 ദിവസത്തെ പടയണി ചടങ്ങുകൾ.
കവിയൂർ ഓമനക്കുട്ടൻ ആശാന്റെ നേതൃത്വത്തിൽ ശ്രീഭദ്ര പടയണിസംഘം കവിയൂർ പരിശീലിപ്പിച്ച വിവിധ കരകളിലെ കുട്ടികൾ അടങ്ങിയ അയിരൂർ ശ്രീഭദ്ര പടയണി സംഘമാണ് പടയണി അവതരിപ്പിക്കുന്നത്.
ശ്രീഭദ്ര പടയണി സംഘം പ്രസിഡന്റ് കെ.എൻ. അശോക് കുമാർ, സെക്രട്ടറി ടി.ആർ. വിജയൻ നായർ, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് സോമശേഖരൻപിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.