കേന്ദ്ര ബജറ്റ് : ദേശീയപാതയിലും റെയിൽ പാതകളിലും പ്രതീക്ഷയർപ്പിച്ച് പത്തനംതിട്ട
1510100
Saturday, February 1, 2025 3:31 AM IST
പത്തനംതിട്ട: 2018 - 19 കേന്ദ്ര ബജറ്റിൽ ഇടം കണ്ട ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയപാതയുടെ വികസനവും കഴിഞ്ഞ ബജറ്റിലെ ചെങ്ങന്നൂർ - പന്പ റെയിൽപാതയും എങ്ങുമെത്തിയില്ല.
ഒന്നാം മോദി സർക്കാരിന്റെ 2018 -19 ബജറ്റിലാണ് ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയപാതയ്ക്ക് പണം അനുവദിച്ചത്. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ 1,600 കോടിയുടെ പദ്ധതി അംഗീകരിച്ചു. എന്നാൽ, വർഷങ്ങൾ പിന്നിട്ടതിനാൽ പദ്ധതി പൂർത്തീകരണത്തിന് ഈ തുക മതിയാകുകയുമില്ല.
സ്ഥലം ഏറ്റെടുക്കാനുള്ള സർവേ നമ്പരുകൾ അടക്കമുള്ള പദ്ധതിരേഖ ലഭിക്കാത്തതാണ് പാതയുടെ വികസനം വൈകിച്ചത്. ഇതോടെ വിശദമായ പദ്ധതിരേഖയും തയാറാക്കാനായില്ല.
സ്ഥലം ഏറ്റെടുക്കലിനുള്ള സർവേ പൂർത്തിയായിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പരും റവന്യു സ്കെച്ചും പരിശോധിച്ച് ഗസറ്റ് വിജ്ഞാപനം ചെയ്യുന്നതാണ് അടുത്തഘട്ടം.
മുംബൈ ആസ്ഥാനമായ സ്റ്റുപ് കൺസൾട്ടൻസിയാണ് സർവേ നടത്തിയത്. ഒരു വർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്ത് മൂന്നു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
നിലവിലുള്ള റോഡ് പതിനാറ് മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതാണ് പദ്ധതി. ബൈപാസുകളിൽ മുപ്പത് മീറ്റർ വീതിയിൽ നാലുവരിപ്പാത നിർമിക്കണം. സ്ഥലം ഏറ്റെടുപ്പ് പ്രധാനമായും വേണ്ടിവരിക ബൈപാസുകൾക്കുവേണ്ടിയാണ്.
സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയായതിനെത്തുടർന്ന് റോഡിന്റെ വീതി 16 മീറ്ററായി കുറയ്ക്കുകയായിരുന്നു. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പരുകൾ ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധീകരിച്ചതിനുശേഷം സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകി തർക്കങ്ങൾ പരിഹരിക്കണം. ഇതിന് രണ്ടുവർഷത്തോളം വേണമെന്ന് ദേശീയപാത അധികൃതർ പറയുന്നത്. അഞ്ചു വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതിയുടെ അലൈൻമെന്റ് ഇടയ്ക്കിടെ മാറ്റിയതിനാലാണ് ഡിപിആർ വൈകിയത്.
പത്തനംതിട്ടയെ ബന്ധിപ്പിച്ചുള്ള പാത
കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ നിന്നാരംഭിച്ച് പത്തനംതിട്ട ജില്ലയിൽ അടൂർ, പത്തനംതിട്ട, കോട്ടയം ജില്ലയിലെ എരുമേലിവഴി മുണ്ടക്കയത്ത് ദേശീയപാത 183യുമായി സംയോജിക്കുന്നതാണ് പാത. കൊല്ലം - തേനി 183 ദേശീയ പാതയുടെ റൂട്ട് മാറ്റിയതിനു പിന്നാലെയാണ് ലിങ്ക് പദ്ധതിയായി 183 എ പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുകൂടിയാണു പാത കടന്നുപോകുന്നത്.
പ്രധാന ടൗണുകളിലടക്കം 30 മീറ്റർ വീതിയിൽ നാലുവരി ബൈപാസ് ആണ് വിഭാവനം ചെയ്തത്. സ്ഥലം ഏറ്റെടുപ്പിന് തടസമുണ്ടാകാതിരിക്കാൻ 18 മീറ്റർ വീതിയിൽ രണ്ടുവരിയായി കുറച്ചു. പുതുക്കിയ അലൈൻമെന്റ് പൂർത്തിയായി.
ചെങ്ങന്നൂർ - പന്പ പാതയിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമല്ല
പത്തനംതിട്ട: കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ റെയിൽവേ ബോർഡ് അംഗീകാരവും ലഭിച്ച ചെങ്ങന്നൂർ - പമ്പ അതിവേഗ പാതയെ സംബന്ധിച്ച് സംസ്ഥാന സർക്കാർ നിലപാട് ഇനിയും വ്യക്തമല്ല. തീർഥാടനകാലത്തേക്കു മാത്രമായ ഒരു പാതയായതിനാൽ മുതൽമുടക്കിനു കേരളം താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സൂചന. എന്നാൽ കേന്ദ്രഫണ്ട് ഉപയോഗിച്ചു പാത വരുന്നതിൽ എതിർപ്പുമുണ്ടാകില്ല.
ചെങ്ങന്നൂരിൽനിന്ന് ആരംഭിക്കുന്ന നിർദിഷ്ട പാത ആറന്മുള, വടശേരിക്കര, മാടമൺ, അത്തിക്കയം, നിലയ്ക്കൽ വഴിയാണ് പമ്പയിൽ എത്തുക. ചെങ്ങന്നൂർ നഗരസഭയും 16 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലൂടെയുമാണ് 59. 23 കിലോമീറ്റർ പാത കടന്നുപോകുന്നത്. 20 തുരങ്കങ്ങളും 22 പാലങ്ങളും വേണ്ടിവരും എന്നാണ് പ്രാഥമിക കണക്ക്.
ചെങ്ങന്നൂർ, ആറന്മുള, വടശേരിക്കര, അട്ടത്തോട്, പമ്പ എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ നിർമിക്കും. റെയിൽവേ മന്ത്രാലയത്തിന്റെ നിർമാണവിഭാഗം നിയോഗിച്ച കൺസൾട്ടൻസിയുടെ റിപ്പോർട്ട് പ്രകാരം 6,480 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നതെങ്കിലും നിർമാണം പൂർത്തിയാകുമ്പോൾ 7,600 കോടി രൂപ വേണ്ടിവരും എന്നാണ് വിലയിരുത്തൽ.
പദ്ധതിക്കായി 213.687 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം. ഇതിൽ 81. 367 ഹെക്ടർ വനഭൂമിയാണ്. അവശേഷിക്കുന്ന സ്ഥലം ഏറ്റെടുത്തു നൽകേണ്ട ചുമതല സംസ്ഥാന സർക്കാരിനായിരിക്കും. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രനിർദേശവുമുണ്ട്.
ശബരി റെയില്‍പാതയ്ക്ക് വിപുലീകരണ പദ്ധതി
പത്തനംതിട്ട: മുടങ്ങിക്കിടക്കുന്ന ശബരി റെയില്‍ പദ്ധതി രണ്ടു ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ താത്പര്യം അറിയിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ അങ്കമാലി - എരുമേലി - നിലക്കയ്ക്കല്വരെ നിര്‍മാണച്ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും.
നിലവിൽ ഒറ്റവരി പാതയെന്ന നിർദേശമാണ് സംസ്ഥാനം മുന്നോട്ടുവച്ചതെങ്കിലും കേന്ദ്രം ഇതിനോടു യോജിച്ചിരുന്നില്ല. വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
അങ്കമാലി മുതൽ എരുമേലിവരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽവേ ലൈൻ 1997-98ലെ റെയിൽവേ ബജറ്റിലെ നിർദേശമാണ്. ഈ പദ്ധതിക്കായി എട്ടു കിലോമീറ്ററോളം മാത്രമാണ് സ്ഥലമെടുപ്പ് പൂർത്തിയായത്. അങ്കമാലിക്കും കാലടിക്കും മധ്യേ ഏഴു കിലോമീറ്റർ പാതയുടെ നിർമാണം വളരെ മുമ്പുതന്നെ പൂർത്തീകരിച്ചതാണ്. ഈ ഭാഗത്ത് രണ്ടു മേൽപ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമാണം വിഭാവനം ചെയ്തിരുന്നു. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
അങ്കമാലി സംസ്ഥാന ശബരി പദ്ധതിയുടെ 50 ശതമാനം തുക സർക്കാർ വഹിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു. പൂർണമായും റെയിൽവേ ഫണ്ടിൽ തുടങ്ങിയ പദ്ധതിയാണെങ്കിലും 2,815 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയുടെ 50 ശതമാനം ചെലവ് കിഫ്ബിവഴി വഹിക്കാൻ കേരള സർക്കാർ തയാറാണെന്ന് 2021ൽ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമാണച്ചെലവ് 3,800.93 കോടി രൂപയായി വർധിച്ചു.
ചെങ്ങന്നൂർ - പമ്പ പദ്ധതിക്കു പകരം വിഴിഞ്ഞവുമായി ബന്ധിപ്പിച്ച് ശബരിപാത രണ്ടാംഘട്ടമായി വികസിപ്പിക്കണമെന്ന നിർദേശം കേരളം നൽകിയിട്ടുണ്ട്. ഇന്നത്തെ കേന്ദ്രബജറ്റിൽ ഇതു പരിഗണിക്കുമോയെന്നറിയേണ്ടതുണ്ട്.
അങ്കമാലി- എരുമേലി പാതയെ പത്തനംതിട്ടവഴി വിഴിഞ്ഞത്തേക്ക് നീട്ടാനുള്ള നിർദേശം അംഗീകരിക്കുകയും ഇതിനൊപ്പം ചെങ്ങന്നൂർ - പന്പ പാത നടപ്പാക്കകയും ചെയ്താൽ കണമലയിൽ സ്റ്റേഷൻ നിർമിച്ച് ഇരു പാതകളും തമ്മിൽ ബന്ധിപ്പിക്കാമെന്ന നിർദേശവുമുണ്ട്. ഇതുവഴി പന്പവരെ റെയിൽപാത സജ്ജമാകും.