കോന്നി മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1510302
Sunday, February 2, 2025 3:41 AM IST
കോന്നി: കോന്നിയിലെ സർക്കാർ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് അത്യാധുനിക ചികിത്സാ സൗകര്യങ്ങളാണ് ഒരുങ്ങുന്നതെന്ന് മന്ത്രി വീണാ ജോർജ്. മെഡിക്കല്‍ കോളജ് ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒന്നാം ഘട്ടത്തില്‍ 167.33 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച 300 കിടക്കകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി വഴി 351.72 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി.
പീഡിയാട്രിക് ഐസിയു, ലക്ഷ്യ പദ്ധതി പ്രകാരം 3.5 കോടിയുടെ ലേബര്‍ റൂം, വിദ്യാർഥികളുടെ ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഡീന്‍ വില്ല, ബ്ലഡ് ബാങ്ക് എന്നിവ യാഥാർഥ്യമായി. ജില്ലയിലെ ആദ്യത്തെ അത്യാധുനിക 128 സ്ലൈസ് സിടി സ്കാന്‍ സംവിധാനമാണ് മെഡിക്കൽ കോളജിൽ സ്ഥാപിച്ചിരിക്കുന്നത്.
200 കിടക്കകളുള്ള ആശുപത്രി കെട്ടിടം, 1000 സീറ്റുകളുള്ള ഓഡിറ്റോറിയം, അക്കാഡമിക് ബ്ലോക്ക് ഫേസ് രണ്ട് എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്,
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്. എസ്. നിഷ, സൂപ്രണ്ട് ഡോ. എ.ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.