ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏഴിന്; ജോർജ് ഏബ്രഹാം എൽഡിഎഫ് സ്ഥാനാർഥി
1510296
Sunday, February 2, 2025 3:29 AM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏഴിനു രാവിലെ 10.30ന് നടക്കും. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനായിരിക്കും വരണാധികാരി. എൽഡിഎഫ് ധാരണപ്രകാരം സിപിഐയിലെ രാജി പി. രാജപ്പൻ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടിവരുന്നത്.
കേരള കോൺഗ്രസ് എമ്മിലെ ജോർജ് ഏബ്രഹാം എൽഡിഎഫ് സ്ഥാനാർഥിയാകും. ജോർജ് ഏബ്രഹാമിന്റെ സ്ഥാനാർഥിത്വം പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം പാർട്ടി ചെയർമാൻ ജോസ് കെ. മാണി അംഗീകരിച്ച് പ്രഖ്യാപിച്ചതായി ജില്ലാ പ്രസിഡന്റ് സജി അലക്സ് അറിയിച്ചു.
ഇതാദ്യമായാണ് കേരള കോൺഗ്രസ് - എം പ്രതിനിധി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. നേരത്തെ എൽഡിഎഫ് ധാരണപ്രകാരം അവസാന ഒരുവർഷമാണ് കേരള കോൺഗ്രസിന് അധ്യക്ഷ സ്ഥാനം പറഞ്ഞിരുന്നത്.
എന്നാൽ ആദ്യ മൂന്നുവർഷം അധ്യക്ഷ പദവി അലങ്കരിച്ച സിപിഎം പ്രതിനിധി ഓമല്ലൂർ ശങ്കരന്റെ രാജി വൈകിയതോടെ സിപിഐ പ്രതിനിധി രാജി പി. രാജപ്പന് കഴിഞ്ഞ മാർച്ചിലാണ് പ്രസിഡന്റു സ്ഥാനം ലഭിച്ചത്. പിന്നീട് രാജി പി. രാജപ്പൻ രണ്ടാഴ്ച മുന്പാണ് രാജിവച്ചത്. നിലവിൽ വൈസ് പ്രസിഡന്റ് ബീനാ പ്രഭയ്ക്കാണ് ചുമതല. അടുത്ത ഡിസംബറിൽ പുതിയ ഭരണസമിതി അധികാരത്തിലെത്തും. നവംബറോടെ ഇപ്പോഴത്തെ ഭരണസമിതി ചുമതല ഒഴിയും.
റാന്നി ഡിവിഷനെയാണ് നിയുക്ത പ്രസിഡന്റ് ജോർജ് ഏബ്രഹാം പ്രതിനിധീകരിക്കുന്നത്. കേരള കോൺഗ്രസ് -എം നിയോജക മണ്ഡലം പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. കേരള കോൺഗ്രസ് എമ്മിന് രണ്ട് പ്രതിനിധികളാണ് ജില്ലാ പഞ്ചായത്തിലുള്ളത്.
ഇവരുൾപ്പെടെ എൽഡിഎഫിന് 12 അംഗങ്ങളുടെ പിന്തുണയുണ്ട്. കോൺഗ്രസിന് നാല് അംഗങ്ങളാണുള്ളത്. എൽഡിഎഫിൽ സിപിഎമ്മിന് ഏഴംഗങ്ങളുണ്ടെങ്കിലും അധ്യക്ഷ സ്ഥാനം അവസാന രണ്ടുവർഷം ഘടകകക്ഷികൾക്കു നൽകാൻ ആദ്യമേ ധാരണയുണ്ടായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യത്തെ മൂന്നുവർഷം ഓരോ വർഷം വീതം ഘടകക്ഷികളായ സിപിഐ, ജനതാദൾ -എസ്, കേരള കോൺഗ്രസ് -എം എന്നിവർക്കു ലഭിച്ചു. അവസാന രണ്ടുവർഷം വൈസ് പ്രസിഡന്റു സ്ഥാനം സിപിഎമ്മിനാണ്.
കേരള കോൺഗ്രസ് -എം പ്രതിനിധിയായിരുന്ന മായ അനിൽ കുമാർ വൈസ് പ്രസിഡന്റു സ്ഥാനം നേരത്തെ ഒഴിഞ്ഞിരുന്നതിനാൽ സിപിഎം പ്രതിനിധിയായ ബീനാ പ്രഭ ഒരുവർഷം മുന്പേ ചുമതലയേറ്റെടുത്തു.