റാന്നി താലൂക്ക് ആശുപത്രിക്കെട്ടിടം നിർമാണോദ്ഘാടനം 23ന്
1510299
Sunday, February 2, 2025 3:41 AM IST
റാന്നി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.
സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ വർഷങ്ങൾ നീണ്ടുനിന്ന നടപടികൾക്കൊടുവിലാണ് പുതിയ കെട്ടിടം യാഥാർഥ്യമാകുന്നത്. പുതിയ കെട്ടിടം താലൂക്ക് ആശുപത്രിയുടെ മുഖച്ഛായതന്നെ മാറ്റുമെന്ന് എംഎൽഎ പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ എല്ലാ ചികിത്സാ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ കഴിയും. ഇതോടെ ജില്ലയിലെതന്നെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായി ഇതു മാറും.
15. 60 കോടി രൂപ ചെലവഴിച്ച് കിഫ്ബിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. സർക്കാർ സ്ഥാപനമായ ഹൈറ്റ്സിനാണ് കെട്ടിടത്തിന്റെ നിർമാണച്ചുമതല.താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം ഏറ്റെടുടുക്കൽ നടപടികൾ വൈകിയതാണ് നിർമാണം വൈകാനിടയായത്.
56 സെന്റ് സ്ഥലമാണ് ആശുപത്രി നിർമാണത്തിനായി സ്വകാര്യ വ്യക്തികളിൽനിന്ന് വിലയ്ക്ക് വാങ്ങിയത്. രണ്ട് വസ്തു ഉടമകളിൽനിന്ന് സ്ഥലം ഏറ്റെടുക്കുന്നതിനായി 3.73 കോടി രൂപ ചെലവഴിച്ചു.
വസ്തുവിന് റവന്യു വകുപ്പ് നിശ്ചയിച്ച വില കിഫ്ബി അംഗീകരിച്ച് കിട്ടാനുണ്ടായ സങ്കീർണതകളാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകിച്ചത്.
മൂന്നു നിലകളായി നിർമിക്കുന്ന കെട്ടിടത്തിന് 17000 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. രോഗികൾക്കുള്ള വാർഡുകൾ പ്രത്യേകം കിടക്ക മുറികൾ , പരിശോധനാ മുറികൾ, ലാബുകൾ, ഓപ്പറേഷൻ തിയേറ്റർ, ലിഫ്റ്റ് സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഇലക്ട്രിക് സബ്സ്റ്റേഷൻ, പമ്പ് റൂം, എക്സ്-റേ, സിടി സ്കാൻ മുറി, അൾട്രാ സൗണ്ട് സ്കാനിംഗ് മുറി, പാലിയേറ്റീവ് കെയർ, രോഗികൾക്ക് വിശ്രമിക്കാനുള്ള മുറി, ഫിസിയോതെറാപ്പി മുറി, ദന്ത പരിശോധനാ മുറി, ഒപി സംവിധാനങ്ങൾ എന്നിവയെല്ലാം ഈ കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്.
ആശുപത്രിയിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക പാർക്കിംഗ് സംവിധാനവും ഒരുക്കും. നിലവിൽ നാല് നിലകൾ വീതമുള്ള രണ്ട് ബ്ലോക്കുകളാണ് റാന്നി താലൂക്ക് ആശുപത്രിക്കുള്ളത്.