ഇന്ധനക്ഷമത കൂട്ടാൻ എക്സോട്ടിക് മെറ്റൽ
1509749
Friday, January 31, 2025 3:59 AM IST
പത്തനംതിട്ട: മോട്ടോർവാഹനങ്ങളിൽ മൈലേജ് കൂട്ടുന്ന എക്സോട്ടിക് മെറ്റൽ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ട്രഡീഷനൽ ഓൾട്ടർനേറ്റീവ് മെഡിസിൻ റിസർച്ച് സെന്റർ.
പരിസ്ഥിതി മലിനീകരണമുണ്ടാക്കാത്തവിധം മൂന്നു മടങ്ങ് ശക്തി പെട്രോളിൽ കൂട്ടുന്ന സാങ്കേതിക വിദ്യയാണിതെന്ന് ടിഎഎംആർസി ഡെപ്യൂട്ടി ഡയറക്ടർ രഘുനാഥ് രാമകൃഷണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മൂന്നുവർഷം പരീക്ഷണം നടത്തിയശേഷമാണ് സാങ്കേതിക വിദ്യയെക്കുറിച്ചുളള വിവരം പുറത്തുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനടാങ്കിൽ നിക്ഷേപിക്കുന്ന എക്സോട്ടിക് മെറ്റൽ ഇന്ധനം ശുദ്ധീകരിക്കുകയും എൻജിനിൽനിന്ന് പുറന്തള്ളുന്ന ചൂടിന്റേയും പുകയുടേയും തീവ്രതകുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി മലിനീകരണം ഉണ്ടാകാതെ അധിക ഇന്ധന ലാഭം നേടിത്തരാൻ സഹായിക്കുന്ന ഒരു സിദ്ധ ടെക്നോളജിയാണിത്. ഈ മെറ്റൽ പെട്രോൾ ടാങ്കിൽ ഇട്ടതിനുശേഷം ആറു മണിക്കൂർ കഴിഞ്ഞ് വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയും.
കണ്ടെത്തിയ സാങ്കേതിക വിദ്യ സർക്കാരിൽ സമർപ്പിച്ച് അനുമതി ലഭിക്കുന്നതിന് ശ്രമം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. രഘുനാഥ് രാമകൃഷ്ണൻ കോന്നിയിലാണ് താമസിക്കുന്നത് . അതുൽ കൃഷ്ണനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.