വിത്തുവേലി ചന്ത 25ന്; കല്ലൂപ്പാറ പാളത്തൈര് സ്പെഷല്‍
1496781
Monday, January 20, 2025 4:23 AM IST
കല്ലൂപ്പാറ: കല്ലൂപ്പാറ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസേഴ്സ് ആന്‍ഡ് പ്രമോട്ടേഴ്സ് അസോസിയേഷന് ഗ്രാമപഞ്ചായത്ത് കൃഷിഭവന് എന്നിവയുടെ സഹകരണത്തോടെ 25ന് പച്ചത്തുരുത്തില്‍ സംഘടിപ്പിക്കുന്ന വിത്തുവേലിച്ചന്തയില് കല്ലൂപ്പാറയുടെ തനത് ഉത്പന്നമായ പാളത്തൈരും. തിരുവിതാംകൂറിലാകെ അറിയപ്പെട്ടിരുന്ന കല്ലൂപ്പാറ പാളത്തൈരിന്റെ പെരുമ പുതുതലമുറയ്ക്കു പകരാനാണ് കുത്തിയെടുത്ത പാളയില്‍ പശുവിന്പാല് ഉറയൊഴിച്ച് പരമ്പരാഗത രീതിയില്‍ തൈര് തയാറാക്കി വില്‍പ്പനയ്ക്കെത്തിക്കുന്നത്.
പ്ളാസ്റ്റിക് കൂടുകള്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് തൈര് കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന മാധ്യമം എന്നതിനപ്പുറം പാളയും തൈരുമായുള്ള രസതന്ത്രം അതിപ്രധാനമാണെന്നാണ് പഴമക്കാര്‍ പറയുന്നത്. പാളയില്‍ തയാറാക്കുന്ന തൈരിന് പ്രത്യേക രുചിയും മണവും ഔഷധഗുണവുമുണ്ടത്രെ.
കമുകിന്റെ പഴുത്തുവീഴുന്ന പാളകളെടുത്ത് വെള്ളത്തില്‍ കുതിര്‍ത്ത് മടക്കി ഈര്‍ക്കില്‍ കുത്തി പാത്രം പോലെയാക്കും. പരുവപ്പെടുത്തിയ പാളകള്‍ കുത്തനെനിര്ത്തി അതില്‍ പശുവിന്പാല് ഉറയൊഴിച്ചാണ് പാളത്തൈര് ഉണ്ടാക്കുന്നത്. തൈര് തുളുമ്പിപ്പോകാതെ പാളയുടെ മുകള്‍ ഭാഗം ചേര്‍ത്തു പിടിച്ച് ഏത്തവാഴ നാരുകൊണ്ട് മുറുക്കിക്കെട്ടും.
തൈര് നിറച്ച പാളകള്‍ വലിയ കുട്ടയിലാക്കിയാണ് വില്പനയ്ക്ക് എത്തിച്ചിരുന്നത്. കല്ലൂപ്പാറയിലെത്തി വളഞ്ഞൊഴുകുന്ന മണിലയാറിന്റെ വടക്കുപടിഞ്ഞാറെ കരകളില്‍ തയാറാക്കുന്ന കല്ലൂപ്പാറ പാളത്തൈര് വില്പനയ്ക്കായി ആറിന്റെ മറുകരയിലുള്ള പുമറ്റത്ത് എത്തുന്നതോടെ പുറമറ്റം തൈരാകും. അവിടെ കട്ടത്തൈര് എന്നും അറിയപ്പെട്ടിരുന്നു. എന്തായാലും പ്രദേശികമായ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് നല്ല ഡിമാന്‍ഡുള്ള കാലവുമായിരുന്നു.
കേരള പ്രാദേശിക ചരിത്ര പഠന സമിതി സെക്രട്ടറി പള്ളിക്കോണം രാജീവിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍നിന്നുള്ള വിവരത്തേത്തുടര്‍ന്നാണ് പാളത്തൈര് വിത്തുവേലി ചന്തയില്‍ ഒരിനമാക്കാന് സംഘാടകര്‍ തീരുമാനിച്ചത്. പാള കുത്താനും തൈര് തയാറാക്കാനും അറിയാവുന്നരെ കണ്ടെത്തുകയായിരുന്നു ആദ്യ ദൗത്യം.
പാള ശേഖരിച്ച് പലപ്രാവശ്യം പരീക്ഷിച്ച് വിജയമാണെന്ന് കണ്ടതോടെയാണ് കല്ലൂപ്പാറ പാളത്തൈര് ഒരിനമായി ചന്തയില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. രണ്ട് ക്ഷീരകര്‍ഷകരില്‍നിന്ന് പാല് ശേഖരിച്ചാണ് തൈര് തയാറാക്കുക.