പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
1496768
Monday, January 20, 2025 4:07 AM IST
പത്തനംതിട്ട: പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഏറത്ത് ഉടയാന്‍വിള കലതിവിള വീട്ടില്‍ ശരണ്‍ മോഹനാണ് (23) അറസ്റ്റിലായത്. പെണ്‍കുട്ടി പത്താം ക്ലാസ് പഠനശേഷം തുണിക്കടയില്‍ ജോലിക്ക് പോയിക്കൊണ്ടിരുന്ന കാലയളവില്‍ ഇയാളുമായി സ്നേഹബന്ധത്തിലായി.
കഴിഞ്ഞിടെ കുട്ടി യുവാവിന്റെ വീട്ടില്‍ വന്നു താമസിച്ചതിനെത്തുടര്‍ന്ന്, ഇരുവീട്ടുകാരും തമ്മില്‍ വഴക്കുണ്ടായി. 18 വയസ് തികയുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ ധാരണയായതനുസരിച്ച് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു.
പിന്നീട് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന്, യുവാവിനെതിരേ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഏനാത്ത് പോലീസ് ബലാല്‍സംഗത്തിനും, പോക്സോ നിയമപ്രകാരവും യുവാവിനെതിരേ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.