അനാസ്ഥയുടെ പ്രതീകമായി കെഎസ്ഇബി; അപകടങ്ങള്‍ പതിയിരിക്കുന്നു
1496775
Monday, January 20, 2025 4:23 AM IST
പത്തനംതിട്ട: കെഎസ്ഇബിയുടെ അനാസ്ഥയില്‍ കഴിഞ്ഞയാഴ്ച ഒരു ശബരിമല തീര്ഥാടകന് ഷോക്കേറ്റു മരിച്ചതിനു പിന്നാലെ ജില്ലയില്‍ പലയിടത്തും വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥയെ സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയരുന്നു.
അപകടങ്ങള്‍ പതിയിരിക്കുന്ന ട്രാന്‍സ്ഫോര്‍മറുകള്‍ ഫ്യൂസ് കാരിയറുകള്‍ എന്നിവ പൊതുനിരത്തുകളില്‍ പതിവു കാഴ്ചയാണ്. കോടിക്കണക്കിനു രൂപ നവീകരണത്തിന്റെ പേരിലും ട്രാന്‍സ്ഫോര്‍മറുകളുടെ സുരക്ഷയ്ക്കുമായി ചെലവഴിക്കുന്ന കെഎസ്ഇബി പലപ്പോഴും ഇത്തരം അപകട സാധ്യതകളെ അവഗണിക്കുകയാണ്.
ഇതാണ് വടശേരിക്കരയില്‍ തമിഴ്നാട് സ്വദേശിയായ അയ്യപ്പഭക്തന് അതിദാരുണമായി കൊല്ലപ്പെടാൻ കാരണം. മരണം സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍പോലും കെഎസ്ഇബി തയാറായിട്ടില്ല.
വടശേരിക്കര പാലത്തില്‍ വെളിച്ചം നല്കാന് സ്ഥാപിച്ച സ്വിച്ച് ബോര്‍ഡ് ഒരുവര്‍ഷം കഴിഞ്ഞിട്ടും നീക്കിയിരുന്നില്ല. ഇതു കാടുമൂടിക്കിടന്നതാണ് അപകടത്തിനു കാരണമായത്. വൈദ്യുതി ഇതിലൂടെ പ്രവഹിക്കാനിടയുണ്ടെന്ന് അറിഞ്ഞിട്ടും സമീപകാലത്ത് സ്ഥലത്തെത്തിയ കെഎസ്ഇബി ജീവനക്കാര്‍ ഇതു ശ്രദ്ധിക്കാതെപോയി.
തന്നെയുമല്ല, ടച്ചിംഗ് വെട്ടി ഇതിനു മുകളില്‍ ഇടുകയും ചെയ്തു. ഇതിലേക്ക് മൂത്രം ഒഴിച്ച തീര്‍ഥാടകനാണ് ഷോക്കേറ്റു മരിച്ചത്. തമിഴ്നാട് സ്വദേശിയുടെ മരണം സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോഴും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.
പഞ്ചായത്തിനും ഉത്തരവാദിത്വമെന്ന്
ശബരിമല പാതയിലെ പ്രധാന സ്ഥലമായ വടശേരിക്കരയില്‍ ക്രമീകരണങ്ങള്‍ ഒരുക്കാനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഫണ്ട് പ്രത്യേകമായി അനുവദിക്കുമ്പോഴും ഇതിന്റെ വിനിയോഗം കൃത്യമായി നടക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്കു കാരണമാകുന്നതെന്നാണ് ആക്ഷേപം.
തീര്‍ഥാടന ക്ഷേമത്തിനു സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് കഴിഞ്ഞവര്‍ഷം പാലത്തില്‍ വെളിച്ചം ക്രമീകരിച്ചത്. ശുചീകരണത്തിനായി തൊഴിലാളികളെയും നിയോഗിക്കാറുണ്ട്.
നിരവധി തീര്‍ഥാടകര്‍ ക്യാമ്പ് ചെയ്യുന്ന പാലത്തിനു സമീപമുള്ള പ്രദേശത്ത് കൂടിക്കിടന്ന ചപ്പുചവറുകളും കാടും നീക്കംചെയ്യാതെ വന്നതാണ് അയ്യപ്പഭക്തന് ഷോക്കേറ്റു മരിക്കാനിടയായതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ലിജു ജോര്‍ജ് കുറ്റപ്പെടുത്തി.
ഒരുവര്‍ഷം മുമ്പ് സ്ഥാപിച്ച സ്വിച്ച് ബോര്‍ഡില്‍നിന്ന് വൈദ്യുതി പ്രവഹിച്ചിട്ടും അതു കണ്ടെത്തി തടയാനായില്ലെന്നതു ഗുരുതരമായ കൃത്യവിലോപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരിഞ്ഞു നോക്കാതെ കെഎസ്ഇബി
കെഎസ്ഇബി ട്രാന്സ്ഫോര്മറുകളോടു ചേര്‍ന്ന ഫ്യൂസ് കാരിയറുകള്‍ മിക്കയിടത്തും തുറന്നിരിക്കുകയാണ്.
അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിലാണ് ഇവ തുറന്നിരിക്കുന്നത്. വഴിവിളക്കുകളുടെ സ്വിച്ച് മിക്കയിടത്തും ട്രാന്സ്ഫോര്മറുകളോടു ചേര്‍ന്നാണ്. ഇതു തെളിയിക്കുന്നതാകട്ടെ സാധാരണക്കാരായ പ്രദേശവാസികളാണ്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കാതെ സ്ഥാപിച്ചിരിക്കുന്ന കാരിയറുകള്‍ പലയിടത്തും ഭീഷണിയാണ്.