രാജി വന്നില്ല, രാജിക്കത്ത് എത്തി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി അംഗീകരിച്ചു
1496649
Sunday, January 19, 2025 8:23 AM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് രാജിവച്ചു. എല്‍ഡിഎഫ് ധാരണപ്രകാരമുള്ള രാജി ഇന്നലെ തപാല്‍ മാര്‍ഗവും നേരിട്ടും ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു ലഭിച്ചു.
അരുണാചല്‍പ്രദേശില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനു പുറപ്പെട്ടിരിക്കുന്ന ജില്ലാ പഞ്ചായത്ത് ടീമില്‍ അംഗമായ രാജി പി. രാജപ്പന് നേരത്തെതന്നെ രാജിക്കത്ത് തയാറാക്കി സിപിഐ ജില്ലാ ഘടകത്തെ ഏൽപ്പിച്ചിരുന്നു.
ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രാജി പ്രതിനിധി മുഖേനയും തപാല്‍മാര്‍ഗവും സെക്രട്ടറിക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്നു രാജി അംഗീകരിച്ച് ചുമതല വൈസ് പ്രസിഡന്റ് ബീനാ പ്രഭയ്ക്കു കൈമാറി ഉത്തരവായി.
സിപിഐ പ്രതിനിധിയായ രാജി പി. രാജപ്പന് എല്‍ഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ ഏഴിനു രാജിവയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള പ്ലാസ്റ്റിക് സംസ്കരണ ഫാക്ടറിയുടെ ഉദ്ഘാടനം പത്തിനു നടക്കുന്ന സാഹചര്യത്തില്‍ അതു കഴിഞ്ഞിട്ടാകാം രാജിയെന്ന തീരുമാനത്തിലെത്തി.
എന്നാല്‍ എല്‍ഡിഎഫ് ധാരണയില്‍ പറക്കോട് ബ്ലോക്കിലും ഏറത്ത് ഗ്രാമപഞ്ചായത്തിലും പ്രസിഡന്റു സ്ഥാനങ്ങള്‍ സിപിഎം പ്രതിനിധികള്‍ രാജിവച്ച് സിപിഐയ്ക്കു കൈമാറാതെ വന്നതോടെ ജില്ലാ പഞ്ചായത്തിലെ രാജിയും തത്കാലം നീട്ടിവയ്ക്കാന്‍ പാര്‍ട്ടി ജില്ലാതലത്തില്‍ തീരുമാനമെടുത്തു. ഇതോടെ രാജി പി. രാജപ്പന്റെ രാജി വാങ്ങി പാര്‍ട്ടി നേത ത്വം കൈയില്‍ സൂക്ഷിച്ചു.
ഇതിനിടെയാണ് ജില്ലാ പഞ്ചായത്ത് സംഘം അരുണാചല്‍ പ്രദേശ് യാത്രയ്ക്കു പുറപ്പെട്ടത്. രാജിക്കുവേണ്ടി കേരള കോണ്‍ഗ്രസ്-എം സമ്മര്‍ദം തുടരുന്നതിനിടെ സിപിഎം പ്രതിനിധികളായിരുന്ന ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴയും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍പിള്ളയും കഴിഞ്ഞദിവസങ്ങളില്‍ രാജി നല്‍കിയതോടെ മുന്നണി ധാരണ നടപ്പാക്കാന്‍ സിപിഐയും നിര്‍ബന്ധിതമായി.
എല്‍ഡിഎഫ് ധാരണയില്‍ ജില്ലാ പഞ്ചായത്തില്‍ ഒരു വര്‍ഷം സിപിഐയ്ക്കും കേരള കോണ്‍ഗ്രസ് -എമ്മിനും പ്രസിഡന്റു സ്ഥാനം ലഭിക്കേണ്ടതാണ്. എന്നാല്‍ സിപിഎം പ്രതിനിധിയായിരുന്ന ഓമല്ലൂര്‍ ശങ്കരന്റെ രാജി മൂന്നുമാസം വൈകിയതോടെ സിപിഐയ്ക്ക് ഒരുവര്‍ഷം ലഭിച്ചില്ല.
ഇത്തരത്തില്‍ നഷ്ടമായ കാലാവധി രണ്ട് പാര്‍ട്ടികള്‍ക്കുമായി വീതിച്ച് എല്‍ഡിഎഫ് തീരുമാനം ഉണ്ടായി.
പിന്നെയും രാജി വൈകിയതോടെ സമ്മര്‍ദം ശക്തമാക്കിയ കേരള കോണ്‍ഗ്രസ് -എം സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു.
അടുത്ത ഊഴം കേരള കോണ്‍ഗ്രസ് -എമ്മിന്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് - എമ്മിനാണ് ഇനി ലഭിക്കുക. നവംബര്‍ അവസാനത്തോടെ ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാകും.
രാജി പി. രാജപ്പന്റെ രാജി അംഗീകരിച്ച സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തും.
കേരള കോണ്‍ഗ്രസ്-എം റാന്നി നിയോജക മണ്ഡലം പ്രസിഡന്റും റാന്നി ഡിവിഷന് പ്രതിനിധിയുമായ ജോര്‍ജ് ഏബ്രഹാമിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിട്ടുള്ളത്.
രണ്ട് പ്രതിനിധികളാണ് കേരള കോണ്‍ഗ്രസ്-എമ്മിന് ജില്ലാ പഞ്ചായത്തിലുള്ളത്. ഇവരില്‍ മായ അനില്‍ കുമാര്‍ നേരത്തേ ഒരുവര്‍ഷം വൈസ് പ്രസിഡന്റായി. ഇതാദ്യമായാണ് കേരള കോണ്‍ഗ്രസ് -എം ജില്ലാ പഞ്ചായത്തില്‍ അധ്യക്ഷസ്ഥാനത്തെത്തുന്നത്.