ആയാംകുടി കുട്ടപ്പമാരാര്‍ വാദ്യാചാര്യ പുരസ്കാരം സദനം വാസുദേവനും വാദ്യശ്രീ പുരസ്കാരം രഹിത കൃഷ്ണദാസിനും
1496239
Saturday, January 18, 2025 4:14 AM IST
തിരുവല്ല: പ്രശസ്ത കഥകളി ചെണ്ട ആചാര്യന് ആയാംകുടി കുട്ടപ്പമാരാരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വാദ്യാചാര്യ പുരസ്കാരം മേളവിദ്വാന്‍ സദനം വാസുദേവനും വാദ്യശ്രീ പുരസ്കാരം രഹിത കൃഷ്ണദാസും നേടി.
25,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് വാദ്യാചാര്യ പുരസ്കാരം. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് യുവ കലാപ്രതിഭകള്‍ക്കുള്ള വാദ്യ ശ്രീ പുരസ്കാരം. ആയാകുടി കുട്ടപ്പമാരാര്‍ സ്മാരക സമിതിയുടെ നേതൃത്വത്തിലാണ് പുരസ്കാര വിതരണവും അനുസ്മരണ പരിപാടിയും.
ആശാന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 25ന് വൈകുന്നേരം നാലിനു നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി.അനന്തകൃഷ്ണന്, സംഗീത അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, എന്നിവര്‍ പുരസ്കാര വിതരണം നടത്തും.
ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമിതി പ്രസിഡന്റ് കുറൂര്‍ വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും.