സുഗതകുമാരിയുടെ നവതി സമാപനം; സുഗതോത്സവം ഇന്നു മുതല്‍
1496647
Sunday, January 19, 2025 8:23 AM IST
പത്തനംതിട്ട: കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ഇന്നു മുതല്‍ 22 വരെ ജന്മനാടായ ആറന്മുളയില് സുഗതോത്സവം സംഘടിപ്പിക്കുമെന്ന് ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിലാണ് ആഘോഷങ്ങള്‍. ഇന്നു രാവിലെ 10ന് സുഗത പരിചയം എന്ന പേരില്‍ ശില്പശാല നടക്കും. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ ഉദ്ഘാടനം ചെയ്യും. 11ന് വിദ്യാസുഗത് എന്നപേരില്‍ കവിതകളുടെ ആലാപന മത്സരവും ഉപന്യാസ മത്സരവും നടക്കും.
നാളെ രാവിലെ 10ന് വിജയാന്ദ വിദ്യാപീഠത്തിന് സമീപമുള്ള സുഗത വനത്തിലൂടെ കുട്ടികളുടെ വനയാത്ര. ആയിരത്തോളം സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും യാത്രയില്‍ പങ്കെടുക്കാന്‍ തയാറായിട്ടുണ്ട്. കവി ഇഞ്ചക്കാട് ബാലചന്ദ്രന് കുട്ടികള്‍ക്കൊപ്പം യാത്രയില്‍ പങ്കെടുക്കും.
സുഗതോത്സവത്തോടനുബന്ധിച്ചുള്ള ഇക്കോ ഫെസ്റ്റ് 21നു രാവിലെ ഒന്‍പതിന് ആരംഭിക്കും. പ്രകൃതി സൗഹൃദങ്ങളായ മൂല്യാധിഷ്ഠിത വസ്തുക്കള്‍, കരകൗശല ശില്പങ്ങള്, മില്ലറ്റ് ശില്പശാല തുടങ്ങിയവ ഇതോടനുബന്ധിച്ചുണ്ടാകും. ഉമയാറ്റുകരയുടെ പഴയ പള്ളിയോടവും പ്രദര്‍ശിപ്പിക്കും. ഫോട്ടോ പ്രദര്‍ശനം, ചിത്രകലാ പ്രദര്‍ശനം തുടങ്ങിയവയും ഇതിലുള്‍പ്പെടും. സൂര്യാകൃഷ്ണ മൂര്‍ത്തി ഉദ്ഘാടനം ചെയ്യും. 10ന് ദേശീയ പൈതൃക പരിസ്ഥിതി ശില്പശാലയില് ആറന്മുളയുടെ സാംസ്കാരിക സമ്പത്തുകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും.
ഐക്യരാഷ്ട്ര സഭയിലെ പൈതൃക കാര്യ ഉപദേശക കൗണ്‍സിലിലെ ഭാരത പ്രതിനിധി ഡോ. ബി. വേണുഗോപാല്‍ ചര്‍ച്ച നയിക്കും. എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. ആര്‍ക്കിടെക്ട് ഡോ. ജി. ശങ്കര്‍ അധ്യക്ഷത വഹിക്കും. ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ മുഖ്യപ്രഭാഷണം നടത്തും. ഡോ. വി. ജയരാജന്, രാഹുല്‍ ഗോസ്വാമി തുടങ്ങിയവരും പ്രഭാഷണങ്ങള്‍ നിര്‍വഹിക്കും.
22ന് രാവിലെ 10ന് നടക്കുന്ന സുഗത കാവ്യമഞ്ജരിയില് ചര്‍ച്ചയും പഠനവും നടക്കും. കവി പ്രഫ. വി. മധുസൂദനന് നായര്‍ ഉദ്ഘാടനം ചെയ്യും. 11.30ന് സുഗതകുമാരിയുടെ കവിതകള്‍ ഉള്‍പ്പെടുത്തിയുള്ള സംഗീതാഞ്ജലി ഡോ. മണക്കാല ഗോപാലകൃഷ്ണന് അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന നവതി സമാപനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. പന്ന്യന്‍ രവീന്ദ്രൻ അധ്യക്ഷത വഹിക്കും.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് പുരസ്കാരദാനം നിര്‍വഹിക്കും.
നവതി ആഘോഷ സമിതി ചെയര്മാന് കുമ്മനം രാജശേഖരന്, ഡോ. ഇന്ദിര രാജന്, ഡോ. എം.വി. പിള്ള എന്നിവര്‍ പ്രസംഗിക്കും.
ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അജയകുമാര്‍ വല്യൂഴത്തില്‍, സ്വാഗത സംഘം ചെയര്മാന് പി.ഐ. ഷെരീഫ് മുഹമ്മദ്, ഡോ. എം.എ. കബീര്‍, പി.ആര്. ഷാജി, മനോജ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സുഗത നവതി പുരസ്കാരം ശ്രീമന്‍ നാരായണന്
പത്തനംതിട്ട: കവയിത്രി സുഗതകുമാരിയുടെ നവതിയോടനുബന്ധിച്ച് ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് നല്കുന്ന സുഗത നവതി പുരസ്കാരം പ്രകൃതി സംരക്ഷകനായ ശ്രീമന്‍ നാരായണന്.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം നേടുന്നയാള്‍ക്ക് അഞ്ചുലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുന്നത്.
22ന് സുഗതകുമാരി നവതി സമാപന സമ്മേളനത്തില്‍ ഡോ. സി.വി. ആനന്ദബോസ് പുരസ്കാരം സമ്മാനിക്കുമെന്ന് ഹെറിറ്റേജ് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. പ്രകൃതി സംരക്ഷണ പ്രചാരണവുമായി ബന്ധപ്പെട്ട് ശ്രീമന്‍ നാരായണന് നടത്തുന്ന പോരാട്ടത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം നല്‍കുന്നത്.