ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
1496635
Sunday, January 19, 2025 8:15 AM IST
പത്തനംതിട്ട: ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് പൊതുസമ്മേളനം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച് പാലുത്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. കടുത്ത വെയിലും അസുഖവും മൂലം നിരവധി പശുക്കളാണ് മരണപ്പെട്ടത്. ഒരു പശുവിന് 37,500 രൂപ വരെ സഹായം നല്കി.
കന്നുകുട്ടി പരിപാലന പദ്ധതിക്ക് 22 കോടി രൂപ വകയിരുത്തി. പഞ്ചായത്ത് കേന്ദ്രീകരിച്ച് ക്ഷീരഗ്രാമംപദ്ധതി നടപ്പിലാക്കി. പഞ്ചായത്ത് എത്ര തുക മാറ്റിവയ്ക്കുന്നുവോ അത്രയും ക്ഷീരവികസന വകുപ്പും മുടക്കുന്നു. കന്നുകുട്ടി വളര്‍ത്തല്‍ പദ്ധതിക്കും സര്‍ക്കാര്‍ സഹായമുണ്ട്.
പശുകള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്കുന്ന ഇ-സമൃദ്ധ പദ്ധതിയുടെ തുടക്കം പത്തനംതിട്ടയിലായിരുന്നു. രാജ്യത്തിനുപോലും മാതൃകയായ പദ്ധതിയില്‍ ഓരോ പശുക്കളുടെ കാതിലും 12 അക്ക നമ്പര്‍ മൈക്രോചിപ്പ് പതിപ്പിക്കുന്നു.
ഉടമസ്ഥനെ തിരിച്ചറിയാനും വാക്സിന് വിവരങ്ങളടക്കം ഓണ്‍ലൈനിലൂടെ മനസിലാക്കാം. 21 ബ്ലോക്കുകളില്‍ വെറ്ററിനറി ആംബുലന്‍സുകള്‍ സജ്ജമാക്കി. സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് ലക്ഷ്യം. 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആംബുലന്‍സ് വീട്ടിലെത്തും.
രണ്ടു ലക്ഷം രൂപ വരെ ഉറപ്പുനല്‍കുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ ക്ഷീരകര്‍ഷകര്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് വി പി ഉണ്ണികൃഷ്ണന്, തിരുവനന്തപുരം മേഖലാ യൂണിയന് ചെയര്മാന് മണി വിശ്വനാഥ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ.ബി. മഞ്ജു തുടങ്ങിയവര്‍ പ്രസംഗിച്ചു.