ക്രൈസ്തവ ജീവിതം ദൈവത്തിങ്കലേക്കുള്ള പ്രയാണം: ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍
1496648
Sunday, January 19, 2025 8:23 AM IST
റാന്നി: അപൂര്‍ണരായ മനുഷ്യര്‍ പൂര്‍ണതയുള്ള ദൈവത്തിങ്കലേക്കുള്ള പ്രയാണമായാണ് ക്രൈസ്തവ ജീവിതം ലക്ഷ്യമിടേണ്ടതെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. മാര്‍ത്തോമ്മ സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസന കണ്‍വന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സര്‍വ ജീര്‍ണതകളില്‍നിന്നും ജീവനെ സൃഷ്ടിച്ചവനാണ് ദൈവം. പ്രത്യാശയോടെ നിത്യജീവനായി പ്രാര്‍ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. ഹൃദയ വിചാരങ്ങള്‍ മുഴുവനും കര്‍ത്താവിന്റെ സന്നിധിയില്‍ സമര്‍പ്പിക്കുന്നതാണ് പ്രാര്‍ഥന. ദൈവംതന്ന നന്മകളില് സംതൃപ്തിയോടെ ജീവിക്കുവാന്‍ കഴിയണം. കുടുംബങ്ങളില്‍ ജീവിത പങ്കാളിയുടെയും മക്കളുടെയും കുറവുകള്‍ പെരുപ്പിച്ചുകാട്ടുകയല്ല, അവരെ ചേര്‍ത്തു നിര്‍ത്തി കരുതുവാന്‍ കഴിയണം. കുടുംബങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് ഇന്ന് സ്നേഹം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സ്നേഹം ലഭിക്കുന്നിടത്തേക്ക് കുഞ്ഞുങ്ങള്‍ പോകുന്നത്. ഭവനങ്ങളില്‍ നല്ല സ്നേഹാന്തരീക്ഷം സൃഷ്ടിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നും മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു.
നെഗറ്റീവ് ചിന്തകള്‍ സമൂഹത്തിലും കുടുംബങ്ങളിലും വര്‍ധിച്ചു വരികയാണ്. പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തുന്ന ഇടമായി കുടുംബങ്ങള്‍ മാറണം. സ്നേഹാനുഭവത്തില്‍ നിറയുന്ന ആത്മീയതയാണ് വേണ്ടത്. സ്നേഹിച്ചു നേടുന്നതാണ് കര്‍ത്താവിന്റെ സുവിശേഷം. ആകുലതകളെ മാറ്റുന്നതാണ് സുവിശേഷം. ദൈവസ്നേഹത്തില്‍ ആകര്‍ഷിക്കപ്പെട്ട് ജീവിതത്തെ ക്രമീകരിക്കണം. ശിക്ഷയെ ഭയന്നുള്ള ആത്മീയത അപക്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍, ട്രഷറര്‍ അനു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. റവ. കുര്യന് ജോസ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കി.