കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ അലുമ്നി മീറ്റ് എട്ടിന്
1496242
Saturday, January 18, 2025 4:14 AM IST
പത്തനംതിട്ട: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബദാം മരത്തണലിൽ എന്ന പേരിൽ അലുമ്നി മീറ്റ് ഫെബ്രുവരി എട്ടിനു നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കോളജിലെ പ്രീ യൂണിവേഴ്സിറ്റി, പ്രിഡിഗ്രി, ഡിഗ്രി, പി ജി വിഭാഗങ്ങളിൽ പഠിച്ച പൂർവ വിദ്യാർഥികൾ, പൂർവ അധ്യാപകർ, പൂർവ അനധ്യാപകർ എന്നിവരുടെ മഹാസമ്മേളനമാണ് നടക്കുന്നത്.
കേരളത്തിലെ വിവിധ ചാപ്റ്ററുകളെ കൂടാതെ അബുദാബി, ദുബായ്, ഷാർജ, നോർത്തേൺ എമിറേറ്റ്സ്, യുഎസ്, റിയാദ്, ദോഹ, കുവൈറ്റ്, ബഹറിൻ, മലേഷ്യ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഇതിനു മുന്നോടിയായ ചാപ്റ്റർ സമ്മേളനങ്ങൾ നടന്നുവരികയാണ്.
72 വർഷം പിന്നിടുന്ന വേളയിൽ പൂർവ വിദ്യാർഥികളെയും പൂർവ അധ്യാപകരെയും ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ജോർജ് കെ. അലക്സ് പറഞ്ഞു.
എട്ടിനു രാവിലെ സമ്മേളനവും ഉച്ചകഴിഞ്ഞ് കോളജിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും തമ്മിലുള്ള പ്രദർശന ഫുട്ബോൾ, വോളിബോൾ മത്സരങ്ങളും സംഘടിപ്പിക്കും. ചെയർമാൻ വിക്ടർ ടി. തോമസ്, ജനറൽ സെക്രട്ടറി റെജി താഴമൺ, ജോബി മാത്യു വർഗീസ്, ലാലു ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.