തദ്ദേശ സ്ഥാപനങ്ങള്‍ പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്
1496772
Monday, January 20, 2025 4:07 AM IST
പത്തനംതിട്ട: അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ സമരവും ജനങ്ങള്‍ക്കിടയില്‍ പ്രചാരണവും ശക്തമാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്. നിലവില്‍ ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എല്‍ഡിഎഫ് നിയന്ത്രണത്തിലാണ്.
യുഡിഎഫിനു ശക്തമായ വേരോട്ടമുണ്ടായിരുന്ന ജില്ലയില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് കനത്ത തിരിച്ചടിയാണ്. പടലപ്പിണക്കവും പ്രവര്‍ത്തനങ്ങളിലെ പിന്നാക്കം പോകലും ഇതിനു കാരണമായി. തൊട്ടുപിന്നാലെ എത്തിയ നിയമസഭാ തെരഞ്ഞെടുപ്പിലും അഞ്ച് മണ്ഡലങ്ങളും നഷ്ടമായി.
ത്രിതല പഞ്ചായത്തുകളും നഗരസഭകളും തിരികെപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ കോണ്‍ഗ്രസ് തയാറെടുപ്പ് നടത്തുന്നത്. എന്നാല്‍ താഴെത്തട്ടില്‍ സംഘടനാ സംവിധാനം ദുര്‍ബലമായതും പ്രാദേശിക തലത്തില്‍ ബിജെപി നേടിയിട്ടുള്ള സ്വാധീനവും യുഡിഎഫിനു വെല്ലുവിളിയാണ്.
പാര്‍ട്ടി സംവിധാനം മെച്ചപ്പെടുത്തി പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
തദ്ദേശ സ്ഥാപനങ്ങളില്‍ പാഴായ പദ്ധതി പണത്തിന്റെ ധവളപത്രം ഇറക്കുന്നതിന് എല്ലാ മണ്ഡലങ്ങളിലും പ്രചാരണ പരിപാടികള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലയില്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ തയാറാക്കി വരികയാണ്.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 30 മുതല്‍ ഒരു മാസം 207 മഹാത്മാ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും. എല്ലാ ബ്ലോക്ക്, മണ്ഡലം കേന്ദ്രങ്ങളിലുമായി 30 ഇടങ്ങളില്‍ ഉദ്ഘാടനം നടക്കും. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ ഒരു കോടി രൂപയുടെ കുടുംബശ്രീ ഫണ്ട് തട്ടിപ്പ്, ജില്ലാ പഞ്ചായത്തിലെ 25 കോടിയുടെ പദ്ധതി പണം ലാപ്സാക്കല്‍, ലൈഫ് ഭവന നിര്‍മാണ ഫണ്ട് റദ്ദാക്കല്‍, മാലിന്യ ശുചിത്വ പദ്ധതികളുടെ താളം തെറ്റല്‍ എന്നിവ മുന്‍നിര്‍ത്തി വിപുലമായ ജനകീയ പ്രതിരോധ സമരജാഥകളും സംഘടിപ്പിക്കും.
എല്ലാ ഗ്രാമപഞ്ചായത്ത് തലത്തിലെയും വികസന നിര്‍ദേശങ്ങള്‍ സ്വരൂപിച്ച് മഹാ പഞ്ചായത്ത് മാര്‍ച്ച് മാസം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ "പാളിയ പഞ്ചായത്ത് പാഴായ പദ്ധതികള്‍' മുന്‍നിര്‍ത്തി സമര മുന്നേറ്റ ജാഥകള്‍ ഏപ്രിലില്‍ ജില്ലയില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പത്തനംതിട്ട, ആറന്മുള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാജീവ് ഭവനില്‍ നടന്ന സംയുക്ത സമ്മേളനം എഐസിസി സെക്രട്ടറി ഡോ. വി.കെ. അറിവഴകന് ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി സെക്രട്ടറി എം.എം. നസീര്‍, ആന്റോ ആന്റണി എംപി, പി.ജെ കുര്യന്, പഴകുളം മധു, മാലേത്ത് സരളാദേവി, പി. മോഹന്‍രാജ്, എ. ഷംസുദ്ദീന്, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അനീഷ് വരിക്കണ്ണാമല, അന്നമ്മ ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.