പത്തനംതിട്ടയില്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് നല്ലകാലം; കഴിഞ്ഞ വര്‍ഷം 96 കേസുകള്‍, നഷ്ടം 15.85 കോടി
1496643
Sunday, January 19, 2025 8:15 AM IST
പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകാര്‍ക്കെതിരേ ജാഗ്രത മുന്നറിയിപ്പുകള്‍ ഒഴുകുമ്പോഴും പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞവര്‍ഷം പത്തനംതിട്ട ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 96 കേസുകളാണ്. നഷ്ടപ്പെട്ടതാകട്ടെ 15.85 കോടി രൂപ.
ഇതില്‍ തിരികെ ലഭിച്ചത് 15.5 ലക്ഷം രൂപ മാത്രം. 2023ല്‍ 84 കേസുകളില്‍നിന്ന് 7.96 കോടി രൂപ തട്ടിപ്പ് സംഘങ്ങള്‍ കൈക്കലാക്കി. അതില്‍ 13.3 ലക്ഷം രൂപമാത്രമാണ് തിരികെ പിടിക്കാനായത്.
തട്ടിപ്പു ബോധ്യപ്പെട്ട് 48 മണിക്കൂറിനുള്ളില്‍ സൈബര്‍ സെല്ലില്‍ പരാതി ലഭിച്ചാല്‍ മാത്രമേ പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സാധിക്കു. സൈബര്‍ സെല്ലില്‍ പരാതി നല്കാന് 1930 ട്രോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാം. അതത് സൈബര്‍ സെല്ലിലും cybercrime.govt.in പോര്‍ട്ടലിലും പരാതികള്‍ സ്വീകരിക്കുന്നുണ്ട്.
തട്ടിപ്പിനിരയാകുന്നവരില്‍ ഏറെയും പ്രമുഖര്‍
പത്തനംതിട്ട ജില്ലയില്‍ സൈബര്‍ തട്ടിപ്പിനിരയാകുന്നവരില്‍ നല്ലൊരു പങ്കും പ്രമുഖരുടെ ഗണത്തില്‍പ്പെട്ടവരാണ്. യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് 15 ലക്ഷം രൂപ നഷ്ടമായത് കഴിഞ്ഞ വര്‍ഷമാണ്. മുംബൈയിൽ തന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതില്‍നിന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്നും കാണിച്ച് രണ്ടുദിവസം വെര്‍ച്വല്‍ അറസ്റ്റെന്നപേരില് അദ്ദേഹത്തെ കുരുക്കിയാണ് പണം കൈക്കലാക്കിയത്. തട്ടിപ്പിനിരയായവരില്‍ ഡോക്ടറും അഭിഭാഷകരും അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെടുന്നുണ്ട്.
ഇരട്ടിപ്പ് മോഹിച്ചെത്തുന്നവര്ക്കും നഷ്ടക്കച്ചവടം
ജില്ലയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥ പാര്‍ട്ട് ടൈം ജോലി ചെയ്യാനായി ഒരു സൈറ്റില്‍ കയറിയതാണ്. ആധാറും പാന്‍കാര്‍ഡും ബാങ്ക് അക്കൗണ്ട് നമ്പറുമെല്ലാം നല്കി. ചെറിയ തുക നിക്ഷേപിച്ചാല്‍ അതിന്റെ ഇരട്ടി ലാഭമെന്നായിരുന്നു വാഗ്ദാനം.
ആദ്യം രണ്ട് ലക്ഷം രൂപ നല്കി. അതിന് ഇരട്ടിയായി തിരികെ കിട്ടി. വീണ്ടും രണ്ട് തവണ ഇത് ആവര്‍ത്തിച്ചതോടെ കൂടുതല്‍ തുക നല്കി. അങ്ങനെ അതേവരെ ലഭിച്ച തുകയടക്കം മൂന്ന് കോടി രൂപ നിക്ഷേപിച്ചു. പിന്നെ സൈറ്റ് ബ്ലോക്കായി. ആധാറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വന്തമാക്കിയ തട്ടിപ്പുകാര്‍ പണം കൊണ്ടുപോയി.
അബദ്ധം മനസിലായ ഇവര്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി. നമ്പറെല്ലാം അന്യ സംസ്ഥാനക്കാരുടേതെന്ന് കണ്ടെത്തിയെങ്കിലും പണം തിരികെ കിട്ടിയില്ല. തട്ടിപ്പുകാരേറെയും ഉത്തരേന്ത്യക്കാരാണ്. എന്നാല്‍ ഇവര്‍ക്കു ചില ബന്ധങ്ങള്‍ കേരളത്തിലും കണ്ടെത്തിയിരുന്നു. അത്തരക്കാരായ ചിലരെ പത്തനംതിട്ടയില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തുടരന്വേഷണത്തില്‍ ഉത്തരേന്ത്യക്കാരെ കുടുക്കാനാകുന്നില്ല. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്നതാണ് പ്രധാന കാരണം. സാധാരണക്കാരായ ആളുകളുടെ ആധാര്‍ ഉപയോഗിച്ച് സമ്പാദിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് ഏറെയും.
ഡിജിറ്റല്‍ അറസ്റ്റില്‍ വനിതാ കൃഷി ഓഫീസറെ കുരുക്കാന്‍ ശ്രമം
പത്തനംതിട്ട: ഡിജിറ്റല്‍ അറസ്റ്റെന്ന ഭീഷണിക്കു മുമ്പില്‍ പതറാതെ പിടിച്ചുനിന്ന കൃഷി ഓഫീസര്‍ തട്ടിപ്പുശ്രമം പൊളിച്ചു. കോഴഞ്ചേരി ചെറുകോല്‍ കൃഷി ഓഫീസര്‍ എസ്. അഞ്ജനയാണ് തട്ടിപ്പുകാരില്‍നിന്ന് വിദഗ്ധമായി തലയൂരിയത്. കഴിഞ്ഞദിവസം ഓഫീസിലിരിക്കുമ്പോഴാണ് സാധാരണ മൊബൈല്‍ കോള്‍ എത്തുന്നത്.
ആദായ നികുതി വകുപ്പില്നിന്നാണെന്നു പറഞ്ഞാണ് സംസാരം തുടങ്ങിയത്. ഹിന്ദിയിലായിരുന്നു സംസാരം. ഓട്ടോമേറ്റഡ് കോളാണ് വന്നത്. കൂടുതല്‍ വിവരം അറിയാന്‍ ഒമ്പത് അമര്‍ത്തണം എന്നു പറഞ്ഞാണ് സംസാരം തുടങ്ങിയത്. ആദായനികുതി കൃത്യമായി താന്‍ അടയ്ക്കാറുണ്ടെന്നും കുടിശിക ഇല്ലെന്നും പറഞ്ഞപ്പോള്‍, ഗ്ലോബല്‍ ട്രേഡിംഗ് കമ്പനിയുടെ പേരിലുള്ള കുടിശികയാണെന്ന ഭീഷണിയുണ്ടായി.
അഞ്ജനയുടെ ആധാര്‍ ഉപയോഗിച്ചിരിക്കുന്നത് എന്നു പറഞ്ഞ് കൂടുതല്‍ വിശ്വസിപ്പിക്കാന്‍ ശ്രമമുണ്ടായി. ഇതിനൊപ്പം ഡല്‍ഹി പോലീസിന്റെ സഹായ വാഗ്ദാനവുമെത്തി. ഡല്‍ഹി പോലീസിലേക്ക് പരാതി അയയ്ക്കാന്‍ പറഞ്ഞപ്പോഴും അഞ്ജന നിരസിച്ചു. ഓണ്‍ലൈനിലൂടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യിക്കാമെന്ന പേരില്‍ ഇതിനിടെ മറ്റൊരു ശ്രമമുണ്ടായി. പിന്നീട് ഡല്‍ഹി പോലീസില്‍നിന്നാണെന്നു പറഞ്ഞ് ഒരാള്‍ യൂണിഫോമില്‍ വാട്സ്ആപ്പില്‍ കോളില്‍ വന്നു. യൂണിഫോമിലുള്ളവര്‍ ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി. ഓഫീസിലെ മുറിയില്‍ കതകടപ്പിച്ച് ഇതില്‍ ഇരുത്തിയാണ് തട്ടിപ്പിനു ശ്രമമുണ്ടായത്.
തനിക്ക് ഭര്‍ത്താവിനോടു ചര്‍ച്ചചെയ്യണമെന്നു പറഞ്ഞപ്പോള്‍ അങ്ങനെ വന്നാല്‍ ഭര്‍ത്താവും പ്രതിയാകുമെന്നു പറഞ്ഞു. അമിത് ചൗധരി എന്നൊരാള്‍ ഈ ആധാര്‍ ഉപയോഗിച്ച് 85 ലക്ഷം എടുത്തിട്ടുണ്ടെന്നും അതിന്റെ പിഴയായി അഞ്ചുലക്ഷം വേറെ ഉണ്ടെന്നും ഭീഷണിയുണ്ടായി. എന്തായാലും ഓഫീസ് സമയം കഴിഞ്ഞു സംസാരിക്കാമെന്നു പറഞ്ഞ് അഞ്ജന ഫോണ്‍ കട്ട് ചെയ്തു. വൈകുന്നേരം കാറിലിരുന്നു വിളിക്കണമെന്ന് തട്ടിപ്പുകാരും നിര്‍ദേശിച്ചു.
തട്ടിപ്പു സംഘമെന്നു സംശയം തോന്നിയ അഞ്ജന സൈബര്‍ സെല്ലിനെ വിവരം അറിയച്ചു. ഇനി വിളിക്കേണ്ടെന്നും വിളിച്ചാല്‍ എടുക്കേണ്ടതില്ലെന്നും പോലീസ് പറഞ്ഞു. ബാങ്കില്‍ വിളിച്ച് രണ്ടു ദിവസത്തേക്ക് അക്കൗണ്ടിലെ ഇടപാടുകള്‍ ബ്ലോക്ക് ആക്കുകയും ചെയ്തു. പണം നഷ്ടമായില്ലെന്നത് ഏറെ ആശ്വാസമായെന്ന് അഞ്ജന പറഞ്ഞു.