ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടു മുതൽ
1496243
Saturday, January 18, 2025 4:14 AM IST
പത്തനംതിട്ട: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടിന് പമ്പാ മണൽ പുറത്ത് ശ്രീ വിദ്യാധിരാജ നഗറിൽ ആരംഭിക്കും. പരിഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രണ്ടിനു രാവിലെ 11ന് ജ്യോതി, പതാക, ഛായാചിത്ര ഘോഷയാത്രകൾക്ക് സ്വീകരണം. 11.20 ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പതാക ഉയർത്തും. വൈകുന്നേരം നാലിന് കേരള ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആമുഖ പ്രഭാഷണം നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ, വൈകുന്നേരം ആധ്യാത്മിക പ്രഭാഷണം എന്നിവ പരിഷത്തിനോടനുബന്ധിച്ചു നടക്കും. മൂന്നിന് ഉച്ചകഴിഞ്ഞ് 3.30ന് ധർമാചാര്യ സഭ ഗുജറാത്ത് വാനപ്രസ്ഥ സാദക് ആശ്രമം മഠാധിപതി പരമ പൂജ്യ മുനി സത്യജിത്ത് മഹാരാജ് ഉദ്ഘാടനം ചെയ്യും.
നാലിനു രാവിലെ 10.30ന് നടക്കുന്ന മാധ്യമ വിചാരത്തിൽ പ്രമുഖമാധ്യമപ്രവർത്തകർ പങ്കെടുക്കും. 3.30 ന് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടക്കുന്ന അയ്യപ്പഭക്ത സമ്മേളനത്തിന്റെ ഉദ്ഘാടനം ഗോവാ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും.
അഞ്ചിനു രാവിലെ 10.30 ന് "മക്കളെ അറിയാൻ' എന്ന വിഷയത്തിൽ ഡോ. അനൂപ് വൈക്കം പരിശീലനം നടത്തും. 3.30 ന് ഹിന്ദു ഏകതാ സമ്മേളനം ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് ഉദ്ഘാടനം ചെയ്യും. ആറിനു രാവിലെ 8. 30 മുതൽ വിവിധ സമിതികളുടെ നേതൃത്വത്തിൽ സമ്പൂർണ നാരായണീയ പാരായണം നടത്തും. 3.30 ന് സംബോദ് ഫൗണ്ടേഷൻ അധ്യക്ഷൻ ആധ്യാത്മാനന്ദ സരസ്വതിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിസ്ഥിതി, സാംസ്കാരിക സമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
ഏഴിന് ഉച്ചകഴിഞ്ഞ് 3.30 ന് പത്മന ആശ്രമം മഠാധിപതി കൃഷ്ണാനന്ദ തീർഥപാദരുടെ അധ്യക്ഷതയിൽ നടക്കുന്ന ആചാര്യാനുസ്മരണ സമ്മേളനം പാലാ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി വിതസംഗാനന്ദ ഉദ്ഘാടനം ചെയ്യും. എട്ടിനു രാവിലെ 10.30ന് നടക്കുന്ന യൂത്ത് പാർലമെന്റിന്റെ ഉദ്ഘാടനം ദിവ്യാംഗ് ഫൗണ്ടേഷൻ ഡയറക്ടർ പ്രജിത് ജയപാൽ നിർവഹിക്കും.
ഒന്പതിനു വൈകുന്നേരം 5.30 ന് നടക്കുന്ന സമാപന സമ്മേളനം പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘടനം ചെയ്യും. യോഗവിദ്യ ആശ്രമം ജർമനി മഠാധിപതി സ്വാമി സുഖദേവ് ജി. ബ്രൈറ്റ്സ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പ്രസംഗിക്കും.