വിദ്യാര്‍ഥിനിക്ക് പീഡനം: പത്തുദിവസത്തിനുള്ളില്‍ 57 പേര് അറസ്റ്റില്‍
1496773
Monday, January 20, 2025 4:07 AM IST
പത്തനംതിട്ട: പതിനെട്ടുകാരിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവങ്ങളില്‍ രണ്ടു പ്രതികള്‍ ഒഴികെ എല്ലാവരെയും 10 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത് പോലീസ്. കഴിഞ്ഞ 10ന് ആദ്യകേസ് ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ ഊര്‍ജിതമാക്കിയ അന്വേഷണത്തില്‍ വിദേശത്തുള്ള രണ്ടുപേര്‍ ഒഴികെ കുറ്റാരോപിതരായ 59ല്‍ 57 പേരെയും പിടികൂടാന്‍ കഴിഞ്ഞത് പ്രത്യേകഅന്വേഷണസംഘത്തിന്റെ മികവാണെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ പറഞ്ഞു.
ഏറ്റവും ഒടുവില്‍ പിടിയിലായത് ഇലവുംതിട്ട കേസിലുള്‍പ്പെട്ട വി.എസ്. അരുണാണ് (25). ഇയാളെ ഇന്നലെ പുലര്‍ച്ചെ വീടിനു സമീപത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പീഡനവുമായി ബന്ധപ്പെട്ട് ഇലവുംതിട്ട പോലീസ് കഴിഞ്ഞ 10 മുതല്‍ 14 വരെ രജിസ്റ്റര്‍ ചെയ്തത് 17 കേസുകളാണ്. ഇതില്‍ ആകെ 25 പേരെയാണ് കുറ്റാരോപിതരായി കണ്ടെത്തിയത്.
ആദ്യമെടുത്ത കേസിലെ അഞ്ചാം പ്രതി എസ്. സുധി പത്തനംതിട്ട പോലീസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജയിലിലാണ്. 11ന് തന്നെ 25 അംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് എഡിജിപി ഉത്തരവായിരുന്നു.
തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം മേല്‍നോട്ടം വഹിക്കുന്ന അന്വേഷണത്തിനു ജില്ലാ പോലീസ് മേധാവിയാണ് നേതൃത്വം നല്‍കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായതെന്നും വിദേശത്തുള്ള കുറ്റാരോപിതരെ അതിവേഗം പിടികൂടുന്നതിന് നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജില്ലയിലെ നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാര്‍ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1. ഇതില്‍ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ പോലീസ് സംഘം രണ്ടുദിവസം ചെന്നൈയില്‍ തങ്ങി, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ രഹസ്യനീക്കത്തില്‍ മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലെ കേസുകളില്‍ തുടക്കം മുതല്‍ തന്നെ കൃത്യമായി കുറ്റാരോപിതര്‍ അറസ്റ്റിലായിക്കൊണ്ടിരുന്നു. പിടിയിലായവരുടെ കൂട്ടത്തില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് സംഘത്തിന്റെ നീക്കം.