വന നിയമ ഭേദഗതിയിൽനിന്നു സർക്കാർ പിൻവാങ്ങിയതിനു പിന്നിൽ ജോസ് കെ. മാണിയുടെ പങ്ക് സ്വാഗതാർഹം: മാർ കൂറിലോസ്
1496235
Saturday, January 18, 2025 4:03 AM IST
തിരുവല്ല: വന നിയമ ഭേദഗതി ഉപേക്ഷിക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ച പ്രധാന കാരണം കേരള കോൺഗ്രസിന്റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും ശക്തമായ നിലപാടായിരുന്നുവെന്നതു സ്വാഗതാർഹമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. കേരള യൂത്ത് ഫ്രണ്ട് -എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മാണിസവും കേരളത്തിന്റെ സാമുദായിക സംസ്കാരിക തനിമയും എന്ന വിഷയത്തിൽ നടത്തിയ സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിയോജിക്കുമ്പോൾ അവഗണിക്കാൻ കഴിയാത്ത രാഷ്ട്രീയ സാന്നിധ്യമായിരുന്നു കെ.എം മാണിയുടേതെന്നും കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിർണയിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നുവെന്നും മാർ കൂറിലോസ് ചൂണ്ടിക്കാട്ടി. കെ.എം. മാണി മുന്നോട്ടുവച്ച അധ്വാനവർഗ സിദ്ധാന്തത്തെ പരിഹസിച്ചവർക്കു പോലും പിൽക്കാലത്ത് അതിനെ അംഗീകരിക്കേണ്ടി വന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും പ്രത്യേക വർഗമായി മുന്നിൽ കണ്ട് കെ.എം. മാണി ചൂണ്ടിക്കാണിച്ച അധ്വാന സിദ്ധാന്തം സത്യമാണെന്ന് കാലം തെളിയിച്ചതായും മെത്രാപ്പോലീത്ത പറഞ്ഞു.
യൂത്ത് ഫ്രണ്ട് - എം സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി അലക്സ് കോഴിമല, ജില്ലാ പ്രസിഡന്റ് സജി അലക്സ്, ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറക്കൽ, സ്റ്റിയറിംഗ് കമ്മിറ്റിയംഗം സാജൻ തൊടുക, സംസ്ഥാന സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള,
ജേക്കബ് മാമ്മൻ വട്ടശേരിൽ, സാം കുളപള്ളി, സോമൻ താമരചാലിൽ, സംസ്ഥാന സെക്രട്ടറി ദീപക് മാമ്മൻ മത്തായി, വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, സംസ്ഥാന സെക്രട്ടറിമാരായ ബിറ്റു വൃന്ദാവൻ, ഷിബു തോമസ്, റോണി വലിയപറമ്പിൽ, അജിതാ സോണി, സുനിൽ പയ്യപ്പള്ളി, ആൽവിൻ ജോർജ്, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.