നവീകരണ പ്രവൃത്തികൾക്ക് മുടക്കമില്ല; ഗാന്ധിസ്മൃതി മൈതാനം തകർച്ചയിൽ
1496237
Saturday, January 18, 2025 4:14 AM IST
അടൂർ: ഗാന്ധി സ്മൃതി മണ്ഡപം സംരക്ഷിക്കാനാളില്ലാതെ നശിച്ചുതുടങ്ങി. രാജഭരണകാലത്തെ കുളം നികത്തി വ്യാപാര സംബന്ധമായി അകലെ നിന്നു പറക്കോട് ചന്തയിൽ വരുന്നവർക്ക് സാധനങ്ങൾ ഇറക്കി വിശ്രമിക്കുന്നതിനും ടോൾ പിരിക്കുന്നതിനുമുള്ള ഇടത്താവളമായി ഉപയോഗിച്ചു വന്നിരുന്ന സ്ഥലമാണ് പിന്നീട് അടൂരിന്റെ അഭിമാനമായ സെൻട്രൽ മൈതാനമായി മാറിയത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കെ.വി. മോഹൻകുമാർ അടൂർ ആർഡിഒയുമായിരുന്ന കാലത്താണ് മൈതാനം നവീകരണം നടത്തി ചുറ്റുമതിലും കെട്ടി മുന്നു വശവും കവാടവും സ്ഥാപിച്ച് ഗാന്ധി സ്മൃതി മണ്ഡപമാക്കി മാറ്റിയത്. രാഷ്ട്രീയപക്ഷമില്ലാതെ പൊതുപരിപാടികൾക്ക് ഉപയോഗിച്ചുവന്നിരുന്ന വേദിയാണിത്.
ചിറ്റയം ഗോപകുമാർ എംഎൽഎ ആയപ്പോൾ 15 ലക്ഷം രൂപ മുടക്കി കുട്ടികളുടെ പാർക്കായി ഉപയോഗിക്കത്തക്കവണ്ണം നവീകരണ പരിപാടികൾ ക്രമീകരിച്ചുവെങ്കിലും തുടർന്നു കാര്യമായ സംരക്ഷണം സ്മൃതി മണ്ഡപത്തിനു ലഭിച്ചില്ല.
തറയിലെ ടൈൽസും ഇളകി മുത്തശി മരങ്ങളെ സംരക്ഷിക്കാൻ ചുറ്റും കെട്ടിയ തറയും പൊളിഞ്ഞ് ചുറ്റുമതിലുകളും അടർന്നു വീഴുന്ന സ്ഥിതിയിലാണിപ്പോൾ. മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും അടക്കം മൈതാനം താവളമാക്കി മാറ്റിയിരിക്കുകയാണ്.
ദേശീയ പ്രാധാന്യമുള്ള ഓഗസ്റ്റ് 15നും ജനുവരി 26നും മാത്രമാണ് നഗരസഭയും സെൻട്രൽ മൈതാനിയെ തിരിഞ്ഞു നോക്കുന്നത്. ഒക്ടോബർ രണ്ടിന് ഏതെങ്കിലും സംഘടന ശുചീകരണം നടത്താൻ എത്തിയാൽ അതുമായി.
പക്ഷികളുടെ കാഷ്ഠം വീഴാതിരിക്കാൻ മുകളിൽ ഷീറ്റിട്ടത് സംരക്ഷിക്കുന്നതിനു വൻ പദ്ധതികൾ എംഎൽഎയും നഗരസഭ ഭരണസമിതി ഉൾപ്പെടെ പറഞ്ഞതല്ലാതെ ഒന്നും പ്രാബല്യത്തിൽ വന്നിട്ടില്ല.
നഗരസഭയുടെ 2024-25 ലെ ബജറ്റിൽ അടൂർ സെൻട്രൽ ടോൾ മൈതാനിയുടെ പുനരുദ്ധാരണ പ്രവൃത്തിക്കായി അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയ 60 ലക്ഷം രൂപ തൻവർഷ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രഖ്യാപനങ്ങൾ ഏറെയുണ്ടാകുന്നുണ്ടെങ്കിലും വിനിയോഗം മാത്രം നടക്കുന്നില്ല.