ജില്ലാ ആശുപത്രിയുടെ മതിൽ നിർമാണത്തിനെതിരേ പ്രതിഷേധം
1496232
Saturday, January 18, 2025 4:03 AM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രിയുടെ മുന്നിലുള്ള മതില് നിർമാണത്തിനെതിരേ പ്രതിഷേധം. നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ജില്ലാ ആശുപത്രി സൂപ്രണ്ടിനു കത്ത് നല്കി.
ആശുപത്രിയുടെ സമീപത്തുള്ള വണ്‍വേ റോഡില്‍ മിക്കപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. ഇത് ആശുപത്രിയില്‍ വരുന്ന രോഗികളെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. റോഡരികിലുള്ള പുതിയ മതിൽ നിർമാണം സുഗമമായ ഗതാഗതത്തെ ബാധിക്കുന്നതാണ്.
പമ്പാനദിക്കു കുറുകെയുള്ള പുതിയ പാലത്തിന്റെ നിർമാണം പൂര്ത്തീകരിക്കുന്നതിനേ തുടര്‍ന്ന് ഉണ്ടാകുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും അത് കോഴഞ്ചേരി ടൗണിന്റെ മൊത്തത്തിലുള്ള വികസനത്തിന് മങ്ങലേല്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ടിന് നല്കിയ കത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
നിലവിലുള്ള രീതിയില്‍ മതില് നിർമിച്ചാൽ സുഗമമായ വാഹനയാത്രയക്കു തടസമുണ്ടാകുമെന്നും കത്തിൽ പറയുന്നു. ആവശ്യമായ ചർച്ചയോ ആസൂത്രണമോ ഇല്ലാതെയുള്ള നിർമാണം തടസമുണ്ടാക്കുമെന്നും ആശുപത്രി മാനേജിംഗ് കമ്മിറ്റി വിളിച്ചുകൂട്ടണമെന്നും എച്ച്എംസി മെംബർ ലീബാ ബിജി ആവശ്യപ്പെട്ടു.