നീർത്തടങ്ങളിൽ കണക്കെടുപ്പ്; പക്ഷികളുടെ എണ്ണത്തിൽ കുറവ്
1496236
Saturday, January 18, 2025 4:14 AM IST
പത്തനംതിട്ട : ജില്ലയിലെ പ്രധാന നീർത്തടങ്ങളിൽ നടന്ന നീർപക്ഷി കണക്കെടുപ്പിൽ കഴിഞ്ഞ വർഷത്തെക്കാൾ നേരിയ കുറവ്. എന്നാൽ പക്ഷികളുടെ ആകെ എണ്ണത്തിൽ നേരിയ വർധനയുണ്ട്. ഏഷ്യൻ രാജ്യങ്ങളിലാകമാനം എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന കണക്കെടുപ്പിന്റെ ഭാഗമായാണ് നീർപക്ഷി കണക്കെടുപ്പ് പത്തനംതിട്ട ജില്ലയിലും നടക്കുന്നത്. ജില്ലയിൽ ഇത്തവണ 10 പ്രധാന നീർത്തടങ്ങളിലായിരുന്നു കണക്കെടുപ്പ്.
പക്ഷിനിരീക്ഷകരും പക്ഷിഫോട്ടോഗ്രാഫർമാരും വനംവകുപ്പുദ്യോഗസ്ഥരും സ്കൂൾ, കോളേജ് വിദ്യാർത്ഥികളും അടങ്ങിയ സംഘങ്ങൾ ഓരോ നീർത്തടങ്ങളിലും നടന്ന് ബൈനോക്കുലർ, കാമറ എന്നിവയുടെ സഹായത്തോടെ നിരീക്ഷിച്ചാണ് കണക്കെടുപ്പ് നടത്തിയത്.
നാലുമണിക്കൂർ നീണ്ട നിരീക്ഷണത്തിൽ 113 ഇനങ്ങളിൽപെട്ട പക്ഷികളുടെ വിവരങ്ങളാണ് ശേഖരിക്കാനായത്. ജില്ലയിലെ പ്രധാന ഹോട്സ്പോട്ടായ കരിങ്ങാലി പുഞ്ചയിലെ ചേരിക്കൽഭാഗത്തനിന്നാണ് ഏറ്റവും കൂടുതൽ പക്ഷികളെ രേഖപ്പെടുത്തിയത്. കരിങ്ങാലിയിൽ നിന്ന് 49 ജാതികളിലായി 1832 പക്ഷികളെ കണ്ടിരുന്നു. ഏറ്റവും കുറവ് നിരീക്ഷിച്ചത് വള്ളിക്കോട് വയലിലാണ്. 21 ഇനത്തിലായി 243 എണ്ണം പക്ഷികളെയാണ് വള്ളിക്കോട്ട് കണ്ടെത്തിയത്.
പത്തനംതിട്ട ബേഡേഴ്സിലെ പക്ഷി നിരീക്ഷകർക്കു പുറമേ, കൊല്ലം ബേഡിംഗ് ബറ്റാലിയൻ, കോട്ടയം നേച്ചർ സൊസൈറ്റി, ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നീ സംഘടനകളിലെ അംഗങ്ങളും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, മാവേലിക്കര ബിഷപ് മൂർ കോളജ്, പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളും കണക്കെടുപ്പിൽ പങ്കാളികളായി.
നീർത്തടങ്ങളുടെ ശോച്യാവസ്ഥ; പക്ഷികളെയും ബാധിച്ചു
കൃഷിയില്ലാതെ തരിശിട്ടും അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റത്താലും ഖരമാലിന്യനിക്ഷേപങ്ങളാലും ജില്ലയിലെ എല്ലാ നീർത്തടങ്ങളും വളരെയധികം നിലനിൽപു ഭീഷണിയിലാണ്. പക്ഷികൾ കുറയാനുള്ള പ്രധാന കാരണവും ഇതാണെന്നാണ് വിലയിരുത്തൽ. വിവിധ ജാതിയിലുള്ള വലിയ പക്ഷിക്കൂട്ടങ്ങൾക്ക് അഭയാരണ്യമായിരുന്നതും ഉളനാട് പ്രദേശത്തിന്റെ ജലസ്രോതസ് കൂടിയായിരുന്നതുമായ പോളച്ചിറ പാരിസ്ഥിതിക തകർച്ച നേരിടുകയാണ്.
കരിങ്ങാലി പാടശേഖരത്തിനും ഭീഷണിയുണ്ട്. കാലാവസ്ഥ വ്യതിയാനവും മറ്റൊരു കാരണമായി പറയുന്നത്. കരിങ്ങാലി പുഞ്ചയിലെ ചേരിക്കൽ, പൂഴിക്കാട് ഭാഗങ്ങൾ, മാവര പുഞ്ച, വള്ളിക്കോട് വയൽ, ഉളനാട് പോളച്ചിറ, ആറൻമുള നാൽക്കാലിക്കൽ നീർത്തടം, നന്നൂർ ഇഞ്ചൻചാൽ, കവിയൂർ പുഞ്ച, അപ്പർകുട്ടനാടൻ നീർത്തടങ്ങളായ ഇടിഞ്ഞില്ലം, മേപ്രാൽ എന്നിവിടങ്ങളിലാണ് പ്രധാനമായും കണക്കെടുപ്പ് നടത്തിയത്.
കണ്ടെത്തിയത് 7873 നീർപക്ഷികളെ
ഇത്തവണ 10 നീർത്തടങ്ങളിലായി 65 ഇനങ്ങളിൽ 7873 നീർപക്ഷികളെയാണ് പത്തനംതിട്ട ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. 2024ൽ, 10 നീർത്തടങ്ങളിലായി 67 ഇനങ്ങളിൽ 6174 നീർപക്ഷികളെ കണ്ടിരുന്നു.
നീർപക്ഷി കണക്കെടുപ്പിന്റെ വിവരങ്ങൾ വെറ്റ്ലാന്റ് ഇന്റർനാഷണലിനും വിശദമായ റിപ്പോർട്ട് വനംവകുപ്പിനും കൈമാറും.
ജില്ലയിലെ നീർത്തടങ്ങളുടെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ കണക്കെടുപ്പ് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വനംവകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ബി. രാഹുൽ പറഞ്ഞു.