ഓമല്ലൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു; വാര്യാപുരത്ത് ബൈക്ക് യാത്രികനും മരിച്ചു
1496766
Monday, January 20, 2025 4:07 AM IST
ഞായര്‍ ദിനത്തില്‍ നഷ്ടമായത് മൂന്ന് ജീവനുകള്‍
പത്തനംതിട്ട: ഓമല്ലൂര്‍ മുള്ളനിക്കാട്ട് അച്ചന്‍കോവിലാറ്റില്‍ പത്താംക്ലാസുകാരായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ച സംഭവവും വാര്യാപുരത്ത് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് വാര്യാപുരത്ത് യുവ ശാന്തിക്കാരന് മരിച്ചതും ഇന്നലെ പത്തനംതിട്ടയ്ക്ക് ദുഃഖമായി.
ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളിലെ വിദ്യാര്‍ഥികളായ ഇലവുംതിട്ട മുട്ടത്തുകോണം എരുത്തിപ്പാട് ശ്രീശരണ്‍ (15), ഓമല്ലൂര്‍ ചീക്കനാല്‍ ചാക്കാം പുറത്ത് ഏബല്‍ ബി. തോമസ് (16) എന്നിവരാണ് മുങ്ങിമരിച്ചത്. കുളിക്കാന്‍ പോയ അഞ്ചംഗ സുഹൃദ് സംഘത്തില്‍പ്പെട്ടവരാണ് മരിച്ച ശ്രീശരണും ഏബലും.
ആഴമേറെയുള്ള കോയിക്കല്‍ കടവിലാണ് കുട്ടികളെത്തിയത്. കൂട്ടത്തില്‍ മൂന്നുപേര്‍ കടവില്‍ ഇറങ്ങിയ ശേഷം കയമാണെന്ന് പറഞ്ഞ് തിരിച്ചു കയറുകയായിരുന്നു. ഇവരുടെ വിലക്കു വകവയ്ക്കാതെയാണ് ശ്രീശരണും ഏബലും ആറ്റില്‍ ഇറങ്ങിയതെന്ന് പറയുന്നു. രണ്ടുപേരും കയത്തില്‍ താഴ്ന്നു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്തന്നെയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. പത്തനംതിട്ടയില്‍നിന്ന് ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തി.
സ്കൂബ ഡൈവേഴ്സ് നടത്തിയ തെരച്ചിലില്‍ ഇവര്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്ന് മൃതദേഹങ്ങള്‍ വൈകാതെ കണ്ടെത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും.
വേനല്‍ക്കാലത്ത് നദികള്‍ കൂടുതല്‍ അപകടകാരികള്‍
വേനലില്‍ വെള്ളം കുറവെന്നുകണ്ട് നദികളില്‍ ഇറങ്ങുന്നവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതകളേറെയാണ്. നദിയുടെ ആഴം അറിവില്ലാതെ കടവുകളിലേക്ക് ഇറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പത്തനംതിട്ട ജില്ലയിലെ നദികളില്‍ വേനല്‍ക്കാല അപകടങ്ങള്‍ കൂടുതലായിരുന്നു.
സുഹൃത്തുക്കളോടൊപ്പവും കുടുംബവുമായിട്ടുമൊക്കെ നദികളില്‍ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. 2018ലെ മഹാപ്രളയത്തിനുശേഷം പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളുടെ പല കടവുകളും കൂടുതല്‍ അപകടം നിറഞ്ഞതായിട്ടുണ്ട്. മണല്‍ നഷ്ടമായതോടെ കടവുകളില്‍ ചെളിക്കുണ്ടുകളാണ്.
ഇവിടങ്ങളില്‍ ഇറങ്ങുന്നവര്‍ താഴ്ന്നു പോകുകയാണ് പതിവ്. ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് പല അപകടങ്ങളും ഉണ്ടാകുന്നത്. അപകടക്കയങ്ങളായതിനാല് പ്രദേശവാസികള്‍ ഉപേക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പുറമേനിന്നെത്തുന്നവര്‍ സ്ഥലപരിചയമില്ലാതെ ഇറങ്ങുന്നതാണ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.
കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: തിരുവല്ല - കുമ്പഴ റോഡില്‍ വാര്യാപുരം ചിറക്കാല ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് മരിച്ചു. ആലപ്പുഴ ആര്യാട് സൗത്ത് തൈപറമ്പില്‍ ഗോപാലന്റെ മകന് ശ്രീജിത്താണ് (29) മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ഒഴിവുള്ള ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുന്ന ശ്രീജിത്ത് പത്തനംതിട്ടയിലെ ഒരു വീട്ടില്‍ പൂജയ്ക്കെത്തിയതാണ്.
തിരികെ മടങ്ങുംവഴിയാണ് ദാരുണ മരണം. നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ബസിന്റെ ടയറിനടിയില്പ്പെട്ടുപോയ ശ്രീജിത്തിനെ ബസ് മാറ്റിയാണ് ഫയര്‍ഫോഴ്സ് പുറത്തെടുത്തത്.
പത്തനംതിട്ടയില്‍നിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീജിത്ത്. പമ്പയിലേക്കു വന്ന കെഎസ്ആര്‍ടിസി ബസാണ് അപകടമുണ്ടാക്കിയത്. സംഭവസ്ഥലത്തുതന്നെ ശ്രീജിത്ത് മരിച്ചു. വ്യാഴാഴ്ച രാവിലെ കുടുംബമായി കൊടുങ്ങല്ലൂരിലെ ഭാര്യ വീട്ടില്‍ എത്തിയ ശ്രീജിത്ത് ശനിയാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ടയിലെത്തി അവിടെ താമസിച്ച് പൂജയ്ക്ക് ശേഷം രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അമ്മ : മാലതി. ഭാര്യ: ഗംഗ. ഏക മകള്‍: രുദ്രാക്ഷിക (ഒന്നര). പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ആലപ്പുഴയിലെ വീട്ടു വളപ്പില്‍ സംസ്കരിക്കും.