പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തി സ്വര്‍ണവും പണവും അപഹരിച്ച യുവാവ് പിടിയില്‍
1496774
Monday, January 20, 2025 4:07 AM IST
പത്തനംതിട്ട: സൗഹൃദം സ്ഥാപിച്ചശേഷം വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ചു പ്രലോഭിപ്പിച്ച് ബൈക്കില്‍ ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയും ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ചെന്നീര്‍ക്കര പ്രക്കാനം കൈതവന ജംഗ്ഷനില്‍ കല്ലേത്ത് കെ. അജിത്താണ് (22) അറസ്റ്റിലായത്.
2024 ഫെബ്രുവരിയില്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ്, വാട്സാപ്പില്‍ സ്ഥിരമായി സന്ദേശങ്ങള്‍ അയച്ച് അടുപ്പത്തിലായി. പത്തനംതിട്ടയില്‍നിന്ന് നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി കോഴഞ്ചേരിക്കു സമീപമെത്തിച്ചു ലൈംഗികാതിക്രമം കാട്ടുകയും ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് കേസ്.
ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചത്, വിസമ്മതിച്ചപ്പോള്‍ കവിളുകളില്‍ അടിക്കുകയും, പിടിച്ച് വേദനിപ്പിക്കുകയും ചെയ്തു. ഫോട്ടോ മോര്‍ഫ് ചെയ്തു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
പലതവണയായി, നാലരപവന്‍ തൂക്കം വരുന്ന മൂന്ന് സ്വര്‍ണമാലകളും 15,000 രൂപയും ഭയപ്പെടുത്തി കൈവശപ്പെടുത്തിയെന്നും കുട്ടിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ കഴിഞ്ഞ സെപ്റ്റംബറില്‍ ഷെയര്‍ ചാറ്റ് വഴി പ്രചരിപ്പിച്ചുവെന്നും പരാതിയുണ്ട്.
പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്ന്, ബന്ധുവിന്റെ സാന്നിധ്യത്തില്‍ പത്തനംതിട്ട പോലീസ് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി, കേസ് രജിസ്റ്റര്‍ ചെയ്തു.
തട്ടിക്കൊണ്ടുപോകല്‍, മാനഹാനിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്പിക്കല്, മോഷണം, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍, ഐടി വകുപ്പ് എന്നിവ ചേര്‍ത്താണ് അജിത്തിനെതിരേ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.
ഇയാളുടെ മൊബൈല്‍ ഫോണും മറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ ഡി. ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.