എസ്പി ഓഫീസ് ആഭ്യന്തര പരാതി പരിഹാര സെല്ലിലെ നിയമനം വിവാദത്തിൽ
1494328
Saturday, January 11, 2025 4:06 AM IST
പത്തനംതിട്ട: എസ്പി ഓഫീസിലെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ ആർഎസ്എസ് നേതാവിനെ അംഗമാക്കിയത് വിവാദമായതോടെ നിയമനം റദ്ദാക്കി. ആര്‍എസ്എസ് അനുകൂല അഭിഭാഷക സംഘടനാ നേതാവ് കെ.ജെ. മനുവിനെയാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ അംഗമാക്കിയത്.
തീരുമാനം വിവാദമായതോടെ പുതിയ നിയമനങ്ങൾ റദ്ദാക്കി ആഭ്യന്തര വകുപ്പ് തടിയൂരി. ആർഎസ്എസ് അനുകൂല സംഘടനയായ അഭിഭാഷക പരിഷത്തിന്റെ ജില്ലാ ട്രഷററാണ് മനു. മനുവിന്റെ നിയമനത്തിൽ ഇടത് സംഘടനകളിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ആർഎസ്എസ് നേതാവിനെ അംഗമാക്കിയത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു.