നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: ജനറൽ ആശുപത്രി ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരേ കേസ്
1494311
Saturday, January 11, 2025 3:58 AM IST
പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവിനു ചികില്‍സ നല്കുന്നതില് കാലതാമസം വരുത്തിയെന്ന പരാതിയിൽ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു.
ചുട്ടിപ്പാറ സീപാസ് കോളജിലെ അവസാന വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്ത് പൊയ്ക ശിവംവീട്ടില്‍ ടി. സജീവിന്റെ മകള്‍ അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ചികില്‍സ നല്കുന്നതില് കാലതാമസം വരുത്തിയതിനാണ് കേസ്.
സംഭവം നടന്ന നവംബര്‍ 15 ന് വൈകുന്നേരം ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍, ഓര്‍ത്തോ ഡോക്ടര്‍, ജീവനക്കാർ എന്നിവര്‍ക്കെതിരേയാണ് കേസ്. അമ്മുവിന്റെ പിതാവ് സജീവ് നല്കിയ പരാതി പ്രകാരം സെക്ഷന്‍ 106(1)3(5) ബിഎന്‍എസ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെട്ടിപ്പുറത്തുള്ള എന്‍എസ്എസ് ഹോസ്റ്റലിന്റെ മൂന്നാമത്തെ നിലയില്‍നിന്ന് വീണു പരിക്കേറ്റ അമ്മുവിനെ വൈകുന്നേരം 5.15 നാണ് ജനറല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തിക്കുന്നത്.
ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ കൃത്യമായ ചികിത്സ നല്‍കിയില്ലെന്നും ഐസിയു സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അയച്ചില്ല എന്നും മറ്റും ആരോപിച്ച് പിതാവ് സജീവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വൈകുന്നേരം 5.15ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അമ്മു സജീവിനെ രാത്രി ഒമ്പതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചതെന്നും അതിനോടകം മരണം സംഭവിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു.
അത്യാഹിത വിഭാഗം ഡ്യൂട്ടി ഡോക്ടര്‍, ഓര്‍ത്തോ ഡോക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഭാഗത്തുനിന്ന് ചികില്സാപ്പിഴവുണ്ടായെന്നും എഫ്ഐആറില്‍ പരാമര്‍ശം ഉണ്ട്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ മാരക പരിക്കുകളും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കേസെടുത്തതിൽ ജീവനക്കാർക്ക് അമർഷം
അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ പോലീസും ആരോഗ്യ വകുപ്പ് അന്വേഷണസംഘവും ആശുപത്രിയിൽനിന്ന് വിവരങ്ങൾ തേടിയിരുന്നു. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
അമ്മുവിനെ ആശുപത്രിയിലെത്തിച്ചപ്പോൾത്തന്നെ പ്രാമിക ചികിത്സ നൽകിയശേഷം പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നുവെന്നും എന്നാൽ, ഒപ്പമെത്തിയവരിൽ ചിലരുടെ നിർബന്ധത്തേത്തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതെന്നും കുട്ടിയുടെ മാതാപിതാക്കൾ വരട്ടെയെന്ന പേരിൽ കൊണ്ടുപോകാൻ വൈകിയതിന് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് ആശുപത്രി ജീവനക്കാർ അന്വേഷണസംഘത്തിനു നൽകിയ മൊഴി.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത നടപടിയിൽ ജീവനക്കാർക്കിടയിൽ അമർഷമുണ്ട്. മനഃപൂർവമായ ഒരു കാലതാമസവും ആശുപത്രിയിൽ ഉണ്ടായിട്ടില്ലെന്നു വ്യക്തമാണെന്ന് ജീവനക്കാർ പറഞ്ഞു.
കോളജിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ അമ്മു താമസിച്ചിരുന്ന സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കു ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പിന്നീടുനടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അമ്മുവിന്റെ സഹപാഠികളായ മൂന്ന് പെണ്‍കുട്ടികളും മനഃശാസ്ത്ര വിഭാഗം അധ്യാപകനും മാനസികമായി തന്നെ വേട്ടയാടി എന്നുള്ള കുറിപ്പുകളും ലഭിച്ചു. ഇതേത്തുടർന്ന് മൂന്ന് സഹപാഠികള്‍ അറസ്റ്റിലായി.
ഇവരെ കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സവകലാശാല നടത്തിയ അന്വേഷണത്തേത്തുടർന്ന് സീപാസ് കോളജിന്റെ അന്നത്തെ പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാം, അധ്യാപകന് സജി എന്നിവരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തു. സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ പി. ഹരികൃഷ്ണനാണ് നടപടിയെടുത്തത്.
അമ്മുവിന്റെ മരണത്തിനു മുന്‍പ് രക്ഷിതാക്കള്‍ കോളജിനു നല്കിയ പരാതികള്‍ അന്വേഷിച്ച് നടപടിയെടുക്കുന്നതില്‍ പ്രിന്‍സിപ്പലിനും അധ്യാപകനും വീഴ്ച പറ്റിയെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.
പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാമിനെ സീതത്തോട്ടിലേക്കു സ്ഥലംമാറ്റിയിരുന്നെങ്കിലും സംഭവത്തില്‍ രണ്ടാമതൊരു അന്വേഷണം ആരോഗ്യ സര്‍വകലാശാല നടത്തിയതോടെയാണ് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി സസ്പെൻഡ് ചെയ്തതെന്നു പറയുന്നു. കോളജിലെ ഒരു അധ്യാപകനെതിരേ അമ്മുവിന്റെ കുടുംബം നേരിട്ടു പരാതി നല്‍കുകയും ചെയ്തു.