കോഴഞ്ചേരി പുഷ്പമേളയിൽ വൻ പങ്കാളിത്തം
1494314
Saturday, January 11, 2025 3:58 AM IST
കോഴഞ്ചേരി: കണ്ണിനും മനസിനും കുളിര്‍മ പകര്‍ന്ന് പുഷ്പമേളയ്ക്ക് തുടക്കമായി. 19 വരെ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന പുഷ്പമേളയില്‍ വിദേശ ഇനങ്ങള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം ഇനം പുഷ്പങ്ങളാണ് ദൃശ്യവിസ്മയം ഒരുക്കാനായി സജ്ജീകരിച്ചിരിക്കുന്നത്. പൂക്കള്‍ കാണാന്‍ മാത്രമല്ല ആവശ്യക്കാര്‍ക്ക് അതു വാങ്ങാനുമുള്ള ക്രമീകരണമുണ്ട്.
ഇന്‍ഡോര്‍ ആന്തൂറിയം, എസി പ്ലാന്റ്, സിസി പ്ലാന്റ്, ചൈനഡോള്‍, കലാസിയ, പൂന വെറൈറ്റി ബോഗയിന് വില്ല, ഡയാന്റിസ്, ടിയ, ഓസ്ട്രേലിയന്‍ വൈറ്റ്, ഡാലിയ, സൂര്യകാന്തി, ഗ്ലാഡിയോലസ്, ആര്, മാരിഗോള്‍ഡ്, പെറ്റൂണിയ, ഡെന്‍ഫീനിയ, പാന്‍സി, ട്യൂബ് റോസ്, സാല്‍വിയ, ഫ്ലോക്സ്, ഡയാന്തസ്, ഓര്‍ക്കിഡുകള്‍, കാക്ടസുകള്‍ തുടങ്ങി സ്വദേശിയും വിദേശിയുമായ നിരവധി ഇനങ്ങള്‍ നിറഞ്ഞ പുഷ്പമേള സന്ദര്‍ശകര്‍ക്ക് പുതിയ ദൃശ്യാനുഭവമാകും.
കുരുവികള്‍, തത്തകള്‍ തുടങ്ങി വിവിധയിനം പക്ഷികള്‍, വളര്‍ത്തു മത്സ്യങ്ങള്‍, ഒരു വര്‍ഷംകൊണ്ടു കായ്ക്കുന്ന കുള്ളന്‍ തെങ്ങിന് തൈകള്‍ മുതല്‍ വിവിധയിനം മാവുകള്‍, പ്ലാവുകള്‍, റംബുട്ടാന് തൈകള്‍ തുടങ്ങി വിവിധയിനം തൈകള്‍ വാങ്ങാനും മേളയിൽ സൗകര്യമുണ്ട്.
അക്യുപ്രഷര്‍ തെറാപ്പിക്കുള്ള യന്ത്രങ്ങള്‍, ആകര്‍ഷകമായ വിവിധയിനം ഫര്‍ണിച്ചര്‍,
20 മുതല്‍ 1000 രൂപ വരെ വിലവരുന്ന രാജസ്ഥാന് കോലാപ്പൂരി ചെരുപ്പുകള്‍, കുത്താമ്പുള്ളി കൈത്തറികള്‍, വന്‍ വിലക്കിഴിവ് നല്കുന്ന വിവിധയിനം കണ്ണടകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ കാണാനും വാങ്ങാനും കഴിയുന്ന സ്റ്റാളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിനു പുറത്തെയും വൈവിധ്യവും രുചികരവുമായ ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുന്ന ഫുഡ് കോര്‍ട്ടാണ് മറ്റൊരു സവിശേഷത.
കോഴഞ്ചേരി അഗ്രിഹോര്‍ട്ടി സൊസൈറ്റിയുടെയും കോഴഞ്ചേരിയിലെയും സമീപ പഞ്ചായത്തുകളുടെയും മധ്യതിരുവിതാംകൂര്‍ വികസന കൗണ്‍സിലിന്റെയും കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.