റാന്നി - നിലയ്ക്കൽ മാർത്തോമ്മ കൺവൻഷൻ നാളെ മുതൽ
1494323
Saturday, January 11, 2025 4:06 AM IST
പത്തനംതിട്ട: മാർത്തോമ്മസഭ റാന്നി - നിലയ്ക്കൽ ഭദ്രാസനത്തിന്റെ 26-ാമത് കൺവൻഷൻ നാളെ മുതൽ 19 വരെ റാന്നി ഇട്ടിയപ്പാറ മാർ അത്താനാസ്യോസ് കൺവൻഷൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ വൈകുന്നേരം ആറിനു മാർത്തോമ്മാസഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ദിവസവും വൈകുന്നേരം 6.30ന് പൊതുയോഗം, 17ന് രാവിലെ 10.30ന് സന്നദ്ധ സുവിശേഷ സംഘത്തിന്റെയും സേവികാ സംഘത്തിന്റെയും സംയുക്ത പൊതുയോഗം. വൈകുന്നേരം 6.30 ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ സന്ദേശം നൽകും.
18ന് രാവിലെ എട്ടിന് സൺഡേസ്കൂൾ കുട്ടികളുടെ സ്നേഹസന്ദേശ റാലി. ഇട്ടിയപ്പാറ മിനർവാ പടിയിൽനിന്ന് ആരംഭിച്ച് കൺവൻഷൻ നഗറിൽ സമാപിക്കും.
ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത റാലി ഫ്ളാഗ് ഓഫ് ചെയ്യും. ഒന്പതിന് കൺവൻഷൻ നഗറിൽ കുട്ടികളുടെ സംഗമം .19ന് രാവിലെ എട്ടിന് കൺവൻഷൻ പന്തലിൽ ഭദ്രാസനാധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് കുർബാന അർപ്പിക്കും. 11.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കോശി ജോൺസൺ സന്ദേശം നൽകും.
കൺവൻഷൻ രജതജൂബിലിയുടെ ഭാഗമായുള്ള ഭവനനിർമാണ പദ്ധതി പുരോഗമിച്ചുവരുന്നതായി ഭാരവാഹികൾ പറഞ്ഞു. ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, പബ്ലിസിറ്റി ചെയർമാൻ റവ.ഡോ. ജേക്കബ് ഏബ്രഹാം, ഫ്രെഡി ഉമ്മൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.