മകരജ്യോതി ദര്‍ശനം: വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി
1494313
Saturday, January 11, 2025 3:58 AM IST
പത്തനംതിട്ട: മകരജ്യോതി ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു.പഞ്ഞിപ്പാറ വ്യൂ പോയിന്റില്‍ 1000 തീർഥാടകര്‍ക്കാണ് പ്രവേശനം.
പഞ്ഞിപ്പാറ, ആങ്ങമൂഴി വ്യൂ പോയിന്റുകളില്‍ മെഡിക്കല്‍ ടീം ഉള്‍പ്പെടെ ഓരോ ആംബുലന്‍സുണ്ടാകും. എട്ട് ബയോ ടോയ്ലറ്റുകള് തയാറാക്കി. തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. തീര്‍ഥാടകരുടെ വാഹനം ആങ്ങമൂഴി- പ്ലാപ്പള്ളി പാതയുടെ വശത്ത് പാര്‍ക്ക് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇലവുങ്കല്‍ വ്യൂ പോയിന്റിലും തീഥാടകരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തി. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സുണ്ടാകും. കുടിവെള്ളം വിതരണം ചെയ്യും. ഫയര്‍ ആൻഡ് റെസ്ക്യൂ വിഭാഗം മൂന്ന് അസ്ക ലൈറ്റ് ഒരുക്കും. എലിഫറ്റ് സ്ക്വാഡിന്റെയും സ്നേക്ക് റെസ്ക്യൂ ടീമിന്റെയും സേവനമുണ്ടാകും.
നെല്ലിമല വ്യൂ പോയിന്റില്‍ 800 തീര്‍ഥാടകര്‍ക്കാണ് പ്രവേശനം. തുലാപ്പള്ളിയിലാണ് പാര്‍ക്കിംഗ് സൗകര്യം. കുടിവെള്ളവും വെളിച്ചവും ഉറപ്പാക്കും. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സുണ്ടാകും. കാടുകള്‍ വെട്ടിത്തെളിച്ച് സുരക്ഷ ഉറപ്പ് വരുത്തും.
അട്ടത്തോട് വെസ്റ്റ് വ്യൂ പോയിന്റില്‍ തീർഥാടകരുടെ എണ്ണം മുന്നൂറായി പരിമിതപ്പെടുത്തി. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സും കുടിവെള്ളവും ആഹാരവും ഉറപ്പാക്കും. നിലയ്ക്കല്‍ ബേസ് ക്യാമ്പിലാണ് പാര്‍ക്കിംഗ് സൗകര്യം. വ്യൂ പോയിന്റുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.
അട്ടത്തോട് ഈസ്റ്റ് വ്യൂ പോയിന്റില്‍ 2500 തീര്‍ഥാടകരെ പ്രവേശിപ്പിക്കും. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സുണ്ടാകും. കുടിവെള്ളവും ആഹാരവും ഉറപ്പുവരുത്തും. നിലയ്ക്കല്‍ ബേസ് ക്യാമ്പിലാണ് വാഹനങ്ങളുടെ പാര്‍ക്കിംഗ്. വ്യൂ പോയിന്റില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.
ഹില്‍ടോപ്പ് വ്യൂ പോയിന്റില്‍ 8000 തീര്‍ഥാടകര്‍ക്കാണ് പ്രവേശനം. കുടിവെള്ളവും ആഹാരവും ദേവസ്വം ഉറപ്പുവരുത്തും. വ്യു പോയിന്റുകളില്‍ നിലവിലെ ബാരിക്കേഡുകള്‍ക്ക് മുന്നിലായി അധിക ബാരിക്കേഡുകള്‍ സ്ഥാപിക്കും. ബയോ ടോയ്ലറ്റുകള് ഉറപ്പാക്കും.
നാളെ മുതല്‍ 15 വരെ ഹില്‍ടോപ്പില്‍ പാര്‍ക്കിംഗ് നരോധിച്ചു. മകരജ്യോതി ദര്‍ശനത്തിനു ശേഷം പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 300 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.
അപകട സാധ്യതയുള്ളതിനാല്‍ അയ്യന്‍മല വ്യൂ പോയിന്റില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. അപകടമുന്നറിയിപ്പുമായി വിവിധ ഭാഷയിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും. തീര്‍ഥാടകരുടെ പ്രവേശനം തടയുന്നതിനായി പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കും.
കാനനപാതയിലെ യാത്ര: വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇളവ്
ശബരിമല: ഇന്നു11 മുതൽ 14 വരെ കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇളവ് അനുവദിക്കും.
എരുമേലി മുക്കുഴി കാനനപാതയിലൂടെ വെർച്വൽ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീർഥാടകരെ കടത്തിവിടും.
വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് ഇളവ് അനുവദിക്കില്ല. സ്പോട്ട് ബുക്കിംഗ് ഇനിയുള്ള ദിവസങ്ങളിൽ നിലയ്ക്കലിൽ മാത്രമായിരിക്കും.