അടൂർ നഗരസഭാ കൗൺസിലിൽ ഭരണകക്ഷിക്കാർ തമ്മിൽ വാക്കുതർക്കം
1494327
Saturday, January 11, 2025 4:06 AM IST
അടൂർ: അടൂർനഗരസഭയിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്കുതർക്കവും അഴിമതി ആരോപണവും. യുഡിഎഫ് അംഗങ്ങളും കേരള കോൺഗ്രസ് -എം അംഗവും യോഗം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
നഗരസഭയിലെ 2024-25 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് പണികൾ ടെൻഡർ ചെയ്തത് അംഗീകരിക്കുന്നത് സംബന്ധിച്ച അജൻഡ ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത കൗൺസിൽ യോഗത്തിലാണ് ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വാക്കേറ്റം നടന്നത്. എസ്. ഷാജഹാൻ, റോണി പാണംതുണ്ടിൽ, മഹേഷ് കുമാർ എന്നിവർ തമ്മിൽ പരസ്പരം വാക്കു തർക്കം ഉണ്ടാകുകയും നഗരസഭയിൽ അഴിമതിയാണ് നടക്കുന്നതെന്നും വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചതായും ആരോപിച്ചു.
ഭരണകക്ഷി അംഗങ്ങളുടെ ആരോപണ പ്രത്യാരോപണങ്ങൾക്കിടെയിലും നടപടി സ്വീകരിക്കാത്ത ചെയർപേഴ്സന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാരും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കുടിയും (കേരള കോൺഗ്രസ് -എം) യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
യുഡിഎഫ് പ്രതിഷേധത്തിന് ഗോപു കരുവാറ്റ, റീനാ സാമുവൽ, സൂസി ജോസഫ്, സുധ പദ്മകുമാർ, ബിന്ദു കുമാരി, ലാലി സജി, ശ്രീലക്ഷ്മി ബിനു, അനു വസന്തൻ എന്നിവർ നേതൃത്വം നൽകി.