കുറ്റൂരിൽ പൈപ്പ് പൊട്ടൽ പതിവായി; റോഡ് തകരുന്നു, കുടിവെള്ളവും നഷ്ടം
1494318
Saturday, January 11, 2025 3:58 AM IST
തിരുവല്ല: കുറ്റൂരിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിൽ പൈപ്പ് പൊട്ടൽ. രണ്ടുവർഷം മുമ്പ് കോടികൾ മുടക്കി നവീകരിച്ച കുറ്റൂർ - മനയ്ക്കച്ചിറ റോഡിലാണ് പൈപ്പ് പൊട്ടൽ തുടർസംഭവമാകുന്നത്.
റോഡ് പുനർനിർമാണ വേളയിൽത്തന്നെ പഴയ പൈപ്പ് മാറ്റി പുതിയതു സ്ഥാപിക്കണമെന്നുള്ള ആവശ്യം ഉയർന്നെങ്കിലും ഇതു പരിഗണിക്കാതെ റോഡ് നിർമാണം പൂർത്തീകരിച്ചതുമൂലം വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന സമ്മർദത്തിൽ കാലപ്പഴക്കംചെന്ന പൈപ്പുകൾ പൊട്ടുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നു പറയുന്നു.
തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽമൂലം കുടിവെള്ള വിതരണത്തെ മാത്രമല്ല റോഡ് ഗതാഗതത്തയേയും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മുളമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗം യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജോ ഇലഞ്ഞിമൂട്ടിൽ, ജോസ് തേക്കാട്ടിൽ, കെ.എസ്. ഏബ്രഹാം, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ടിന്റു മുളമൂട്ടിൽ, ഡോ. അജിൻ ചാക്കോ, കെ.എം. മാത്തുക്കുട്ടി, ജയിംസ് നാക്കാട്ടുപറമ്പിൽ, ഉഷ അരവിന്ദ്, അന്നമ്മ സ്കറിയ, മനീഷ് മാത്യു എന്നിവർ പ്രസംഗിച്ചു.