സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: കുടിശിക നൽകാനുള്ള ഉത്തരവിറങ്ങി
1494321
Saturday, January 11, 2025 4:06 AM IST
പത്തനംതിട്ട: മൂന്നര മാസമായി ഉച്ചഭക്ഷണത്തുകയും നാല് മാസമായി മുട്ട, പാൽ എന്നിവയുടെ തുകയും വിതരണം ചെയ്യാതെ പ്രധാനാധ്യാപകരെ കടക്കെണിയിലാക്കിയ സർക്കാർ അധ്യാപക സംഘടനകളുടെ കർശന നിലപാടുകളെത്തുടർന്ന് കുടിശിക നൽകാൻ ഉത്തരവിറക്കി.
17ന് മുമ്പ് കുടിശിക തുക അനുവദിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ വിതരണം നിർത്തിവയ്ക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും കെപിഎസ്ടിഎ ഉൾപ്പെടെ അധ്യാപക സംഘടനകൾ കത്തു നൽകിയിരുന്നു. ഇതേത്തുടർന്ന് കുടിശിക തുക ഭാഗികമായി അനുവദിച്ച് ഉത്തരവായി.
ഒരു കാരണവശാലും പ്രധാനാധ്യാപകർ കടം വാങ്ങിയും കൈയിൽനിന്ന് പണമെടുത്തും ഉച്ചഭക്ഷണ വിതരണം തുടരേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ സർക്കാരിനു കത്ത് നൽകിയത്. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസ് കോടതി പരിഗണിക്കുന്നതിനു തൊട്ടുമുന്പ് കുടിശിക നൽകാനുള്ള ഉത്തരവിറക്കിവരികയായിരുന്നു സർക്കാർ ഇതേവരെ ചെയ്തിരുന്നത്.
എന്നാൽ ഹൈക്കോടതിയിൽ കേസ് പരിഗണിക്കുന്ന ബഞ്ചിന് മാറ്റമുണ്ടായതിനാൽ ഇത്തവണ ഹർജിയിൽ വാദം നടന്നില്ല. മാത്രമല്ല, കേസ് പരിഗണിച്ചാൽ മാത്രമേ ഉച്ചഭക്ഷണത്തുക സർക്കാർ അനുവദിക്കുകയുള്ളൂവെന്ന യാഥാർഥ്യം കോടതിക്ക് കൃത്യമായി ബോധ്യപ്പെടാൻ ഈ നാല് മാസത്തെ കുടിശിക കാരണമായിത്തീരുകയും ചെയ്യും.
കെപിഎസ്ടിഎക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്ന സീനിയർ അഭിഭാഷകൻ ജോർജ് കണ്ണന്താനം കോടതിയിൽ വിഷയം ഉന്നയിക്കുകയും കേസ് അടിയന്തിരമായി പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയും ചെയ്തു. അഡീഷണൽ എക്സ്പെൻഡീച്ചർ ഇനത്തിൽ 4,58,74,000 രൂപയാണ് സർക്കാർ ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.
മുട്ട, പാൽ എന്നിവ ഇല്ലാതെ മൂന്ന് മാസത്തേക്ക് മാത്രം ഏകദേശം 90 കോടി രൂപയും മുട്ട, പാൽ എന്നിവയ്ക്കായി ഏകദേശം 45 കോടി രൂപയും വേണ്ടിവരും. ആ തുക ഇതേവരെ അനുവദിച്ചിട്ടില്ല. ഭാഗികമായി കുടിശിക നൽകുന്ന രീതിയാണ് ഇപ്പോഴും അനുവർത്തിച്ചിരിക്കുന്നത്.
അടുത്ത ആഴ്ച കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കേസ് പറഞ്ഞ് കുടിശിക വാങ്ങി ഉച്ചഭക്ഷണ വിതരണം നടത്തുന്ന നടപടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് കെപിഎസ്ടിഎ ഭാരവാഹികൾ പറഞ്ഞു.
പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ചുമതലയിൽനിന്ന് ഒഴിവാക്കുകയോ, അതല്ലെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തപ്പോലെ മുൻകൂർ തുക അനുവദിക്കുകയോ ചെയ്യണമെന്ന നിലപാടും കോടതിയിൽ ആവർത്തിക്കും.
ഉച്ചഭക്ഷണ വിതരണത്തിന് പ്രധാനാധ്യാപകർ കൈയിൽനിന്ന് പണം മുടക്കുന്ന നടപടി അവസാനിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമവും കെപിഎസ്ടിഎ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി എസ്.പ്രേം എന്നിവർ പറഞ്ഞു.