പത്തനംതിട്ട നഗരസഭ കുടിവെള്ള പദ്ധതി മൂന്നാംഘട്ടം നിർമാണോദ്ഘാടനം 13ന്
1494320
Saturday, January 11, 2025 3:58 AM IST
പത്തനംതി: നഗരത്തിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം 13ന്. നാല് ഘട്ടങ്ങളിലായി 27.62 കോടി രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുടിവെള്ള പ്രതിസന്ധിക്ക് പൂർണ പരിഹാരം നിർദേശിക്കുന്ന അമൃത് പദ്ധതിയുടെ ഭാഗമായുള്ള ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണമാണ് 13നു തുടക്കം കുറിക്കുന്നത്.
10 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമിക്കുന്നത്. പ്ലാന്റിന്റെ നിർമാണം 18 മാസം കൊണ്ട് പൂർത്തീകരിക്കുന്നതിനാണ് കരാർ. നഗരത്തിലെ ജലക്ഷാമത്തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്. ആവശ്യകതയ്ക്ക് അനുസരിച്ച് വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റിന്റെ അഭാവവും വിതരണത്തിലെ നഷ്ടവും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്ലാന്റ് നിർമിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.
നിലവിൽ ദിവസേന 60 ലക്ഷം ലിറ്റർ വെള്ളമാണ് ജലഅഥോറിറ്റിയുടെ പാമ്പൂരിപാറയിലുള്ള ശുദ്ധീകരണ പ്ലാന്റിൽനിന്ന് നഗരത്തിൽ വിതരണം ചെയ്യുന്നത്. ജില്ലാ ആസ്ഥാനത്തിന്റെ ഇന്നത്തെ ആവശ്യകതയ്ക്ക് ഇതു പര്യാപ്തമല്ല. പുതിയ പ്ലാന്റിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ദിവസേന 130 ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാനാകും. ഇതോടെ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പൂർണ പരിഹാരമാകും.
പുതിയ പൈപ്പുകൾ സ്ഥാപിച്ചു
ശുദ്ധീകരണത്തിന് ആവശ്യമായ ജലം ശേഖരിക്കുന്നതിനുള്ള വെല്ലിന്റെയും കളക്ഷൻ ചേംബറിന്റെയും നിർമാണം 66 ലക്ഷം രൂപ ചെലവ് ചെയ്ത് 2023ൽ തന്നെ പൂർത്തിയായിരുന്നു. ജലവിതരണത്തിലെ നഷ്ടം ഒഴിവാക്കാൻ നഗരത്തിലെ പ്രധാന പൈപ്പ് ലൈനുകൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജലഅഥോറിറ്റി മാറ്റി സ്ഥാപിച്ചിരുന്നു.
വിവിധ വാർഡുകളിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനമാണ് അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പുരോഗമിച്ചു വരുന്നത്. 3.5 കോടി രൂപയാണ് ഇതിനു ചെലവ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ 25 വാർഡുകളിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി.
14.87 കോടി രൂപ ചെലവിലാണ് പ്ലാന്റ് നിർമാണം. ഫിൻസ് എൻജിനിയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിർമാണച്ചുമതല.
നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പൂവൻപാറ, പരുവപ്ലാക്കൽ, വഞ്ചിപൊയ്ക തുടങ്ങിയ സ്ഥലങ്ങളിൽ സംഭരണികൾ നിർമിച്ചു കുടിവെള്ളം എത്തിക്കുന്ന പ്രവർത്തനമാണ് നാലാം ഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിന് 8.5 കോടി രൂപയുടെ അനുമതിയായി.
ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നതിനിടയിൽത്തന്നെ ഉയർന്ന പ്രദേശങ്ങളിലെ ജലസംഭരണികളും നിർമിച്ച് പദ്ധതിയുടെ സമ്പൂർണ പ്രവർത്തനം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.