മല്ലശേരിയിൽ സംയുക്ത ക്രിസ്മസ് ആഘോഷം
1490180
Friday, December 27, 2024 4:35 AM IST
മല്ലശേരി: എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിലും സമീപപ്രദേശങ്ങളിലുള്ള ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലും പൂങ്കാവിൽ ക്രിസ്മസ് ആഘോഷം നടന്നു.
വാഹനവിളംബര റാലി ഫാ. സാമുവൽ വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈകുന്നേരം വാഴമുട്ടം മാർ ഇഗ്നാത്തിയോസ് കുരിശടിയിൽനിന്ന് ആരംഭിച്ച സംയുക്ത ക്രിസ്മസ് റാലി കൺവീനർ പോൾ വി. ജോഷ്വായ്ക്ക് പതാക കൈമാറി ഫാ. ലൈജു മാത്യു ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു.
വാദ്യമേളങ്ങൾ, ഫ്ലോട്ടുകൾ, ഗായക സംഘങ്ങൾ എന്നിവ റാലിക്കു കൊഴുപ്പേകി. പൊതുസമ്മേളനം പ്രസിഡന്റ് ഫാ. തോമസ് ജോണിന്റെ അധ്യക്ഷതയിൽ സാഹിത്യകാരൻ രവിവർമ തമ്പുരാൻ ഉദ്ഘാടനം ചെയ്തു.
ചാരിറ്റിയുടെ ഭാഗമായുള്ള വീൽച്ചെയറുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തം റോബിൻ പീറ്റർ നിർവഹിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത്, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാസന്ധ്യയും നടന്നു.