നിയന്ത്രണം വിട്ട കാര്‍ കടയുടെ മുന്നിലേക്ക് ഇടിച്ചുകയറി; ഓടി മാറുന്നതിനിടെ രണ്ടുപേര്‍ക്ക് പരിക്ക്
1490164
Friday, December 27, 2024 4:23 AM IST
ഓമല്ലൂര്‍: നിയന്ത്രണം വിട്ട കാര്‍ കടയുടെ മുന്‍വശത്തേക്ക് ഇടിച്ചു കയറി. ബസ് കാത്തുനിന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓമല്ലൂര്‍ ചന്ത ജംഗ്ഷനില്‍ ഇന്നലെ വൈകുന്നരം 5.30നാണ് അപകടം. അമിത വേഗത്തിലെത്തിയ ഇന്നോവ കാര്‍, പഴവും പച്ചക്കറിയും വില്‍ക്കുന്ന കടയുടെ മുന്‍ഭാഗത്തേക്കു പാഞ്ഞുകയറി റോഡരികില്‍നിന്ന ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
അടൂര്‍ തട്ട സ്വദേശിനി കെ.ജി. അനിതകുമാരിക്കും അങ്ങാടിക്കല്‍ സ്വദേശിനിയായ മറ്റൊരു സ്ത്രീക്കുമാണ് പരിക്കേറ്റത്. ഇരുവരും ബസ് കാത്തുനില്ക്കുകയായിരുന്നു. കാര്‍ വരുന്നതുകണ്ട് ഓടിമാറുന്നതിനിടെ ഇരുവര്‍ക്കും വീണു പരിക്കേല്‍ക്കുകയായിരുന്നു.
ഈ സമയം കടയില്‍ സാധനം വാങ്ങാന്‍ ആരുമില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. പച്ചക്കറി കടയുടെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. റോഡരികില്‍ ഉപയോഗമില്ലാതെ നില്ക്കുന്ന പോസ്റ്റുകള്‍ വലിയ അപകട ഭീഷണിയുയര്‍ത്തുന്നതായി പരാതിയുണ്ട്.